വ്യാജ ‘കാഫിർ സ്‌ക്രീന്‍ഷോട്ട്’; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിലിനെതിരെ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസിൽ ഇതുവരെയുള്ള അന്വേഷണത്തിൻ്റെ കേസിൽ കേസ് ഡയറി ഹാജരാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഓഗസ്റ്റ് 12ന് മുന്‍പ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കോടതി നിർദേശം നൽകിയത്. സ്ക്രീൻ ഷോട്ട് വിവാദത്തിൽ താനാണ് ഇരയായത് എന്ന് കാണിച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ പി.കെ.മുഹമ്മദ് ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേദിവസം വൈകിട്ടാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ വിവാദ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ വർഗീയ വാദിയായി ചിത്രീകരിക്കുന്ന തരത്തിൽ ഖാസിമിൻ്റെ പേരിലുള്ള വാട്ട്സാപ്പ് പോസ്റ്റിൻ്റെ സ്‌ക്രീന്‍ഷോട്ട് ‘അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ’ എന്ന സിപിഎം പേജിലൂടെയാണ് ഷെയര്‍ ചെയ്തത്. അപ്‌ലോഡ് ചെയ്ത് പതിനഞ്ച് മിനിട്ടുകൾക്കകം പ്രസ്തുത പോസ്റ്റ്‌ പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും അതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതായിരുന്നു കേസിനാധാരമായ സംഭവം.

തൻ്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ടിനെപറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പോസ്റ്റ് പുറത്തുവന്ന ദിവസം തന്നെ ഖാസിം വടകര പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിനു പകരം പരാതിക്കാരനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഖാസിമിനെ ചോദ്യം ചെയ്ത് ഫോൺ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. ഖാസിമിന്‍റേതല്ല പോസ്റ്റ് എന്ന തിരിച്ചറിഞ്ഞ പോലീസ് ആരാണ് അതിന് പിന്നിലെന്ന അന്വേഷണത്തിലേക്ക് പോയില്ല.

ഇത് ചൂണ്ടിക്കാട്ടി പി.കെ.മുഹമ്മദ് ഖാസിം മലപ്പുറം എസ്പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലിസ് മേധാവിക്കും പരാതി നല്‍കി. എന്നിട്ടും ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന് ആധാരമായ ഗൂഢാലോചന, സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം എന്നിവ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ആയിരുന്നു പരാതി.

വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ച് തൻ്റെ എതിർ സ്ഥാനാർത്ഥി കെ.കെ.ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്ന് ചൂണ്ടിക്കാട്ടി വടകര എംപി ഷാഫി പറമ്പിലും നേരത്തേ രംഗത്ത് എത്തിയിരുന്നു. ഇതുപയോഗിച്ച് തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തുടര്‍ന്ന് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പിന്നീട് നിയമസഭയിലടക്കം വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top