കുട്ടിയെ കടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് പ്രചരണം; കേസെടുത്ത് പോലീസ്

മഞ്ചേശ്വരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന പ്രചരണത്തിൽ കേസെടുത്ത് പോലീസ്. കുട്ടിയെ കടത്തിക്കൊണ്ട് പോയത് നവകേരള സദസിന് പണം കണ്ടെത്താൻ വേണ്ടിയാണെന്ന വാട്ട്സാപ്പ് സന്ദേശം പങ്കുവച്ചതിനാണ് കേസ്.
കാസര്‍ഗോഡ് ജില്ലയിലെ കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിന്റെ (48) പേരിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നതെന്ന് മഞ്ചേശ്വരം പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരേ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിനാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 153ആം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനം നടത്തിയതിനാണ് ഈ വകുപ്പ് ചുമത്തിയത് .

30-11-2023ല്‍ യൂണിറ്റി ഓഫ് മഞ്ചേശ്വരം എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ മുഖ്യമന്ത്രിക്കും നവകേരള സദസിനും ബന്ധമുണ്ടെന്ന തരത്തിൽ ഒരു ശബ്ദ സന്ദേശമെത്തിയത്. തുടർന്ന് ഇത് ചിലർ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് കേസെടുത്തതെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. തുടർന്ന് അബ്ദുൾ മനാഫിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചതായി മഞ്ചേശ്വരം പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here