പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച പൂജാരിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യോഗി; വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിഷേധക്കാർക്ക് താക്കീത്

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള യതി നരസിംഹാനന്ദിൻ്റെ പരാമർശങ്ങളിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തമാകുന്നു. ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ് യതി. ഇയാളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗഒളിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. ഒരു മതത്തിനെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പറഞ്ഞു.

ഏതെങ്കിലും മതത്തിൽപ്പെട്ട ദൈവങ്ങളെയോ വിവിധ ജാതികളിൽപ്പെട്ട മഹാൻമാരെയോ സന്യാസിമാരെയോ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. എന്നാൽ പ്രതിഷേധത്തിൻ്റെ പേരിൽ നടക്കുന്ന പൊതുമുതൽ നശിപ്പിക്കൽ, തീവയ്പ്പ് എന്നിവ വച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന് യോഗി പറഞ്ഞു. അങ്ങനെ ചെയ്യുന്നവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം താക്കീത് നൽകി.

എല്ലാ ജില്ലകളിലും നവരാത്രി, വിജയദശമി ആഘോഷങ്ങൾ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും അന്തരീക്ഷത്തിൽ ആഘോഷിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകി . ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

നരസിംഹാനന്ദനെതിരെ യുപി പോലീസ് വിദ്വേഷ പ്രസംഗത്തിന് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. രാഷ്ട്രീയ പാർട്ടിയായ എസ്‌ഡിപിഐ നൽകിയ പരാതിയിലായിരുന്നു നടപടി. പിന്നാലെ മഹാരാഷ്ട്രയിലെ താനെയിലും അമരാവതിയിലും ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി നൽകിയ പരാതിയിൽ തെലങ്കാന പോലീസും കേസടുത്തിട്ടുണ്ട്. ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് എഫ്ഐആറിട്ടത്.

സെപ്റ്റംബർ 29 ന് ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന ഒരു പരിപാടിയിൽ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനകൾ സോഷ്യൽ മീഡിയയിയിൽ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധമുയർന്നത്. ഇത് മഹാരാഷ്ട്രയടക്കം വിവിവിധ സംസ്ഥാനങ്ങളി വ്യാപകമായ സംഘർഷങ്ങൾക്കും കാരണമായിരുന്നു. ദസറ ദിവസങ്ങളിൽ കോലം കത്തിക്കേണ്ടി വന്നാൽ മുഹമ്മദ് നബിയുടെ കോലം കത്തിക്കാനാണ് നരസിംഹാനന്ദ് പ്രസംഗത്തിൽ പറഞ്ഞത്. മുമ്പും വിദ്വേഷ പരാമർശങ്ങൾ നടത്തി കുറ പ്രസിദ്ധിയാർജിച്ച വ്യക്തിയാണ് ഇയാൾ. 2022ൽ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പൂജാരിയെ ഉപാധികളോടെയാണ് ജാമ്യം നൽകിയിരുന്നത്. വീണ്ടും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top