പ്രോസിക്യൂഷനും പാര്‍ട്ടിക്കൂറ്; ഐപിസി 124 നിലനില്‍ക്കില്ലെന്ന് എപിപി, ഗവര്‍ണ്ണറെ തടഞ്ഞ എസ്എഫ്ക്കാരെ രക്ഷിക്കാന്‍ നീക്കം

തിരുവനന്തപുരം : നീതിന്യായ വ്യവസ്ഥയില്‍ കേട്ട് കേഴ്‌വിയില്ലാത്ത സംഭവങ്ങള്‍ക്ക് സാക്ഷിയായി തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഗവര്‍ണ്ണറെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ അസി. പ്രോസിക്യൂട്ടര്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചു. ഗവര്‍ണ്ണര്‍ നിര്‍ദേശിച്ച പ്രകാരം പ്രതികള്‍ക്കെതിരെ ചേര്‍ത്ത 124 ആം വകുപ്പ് നിലനില്‍ക്കുമോ എന്ന് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇന്നലെ വാദിച്ച അസി.പ്രോസിക്യൂട്ടര്‍, നടന്നത് പ്രതിഷേധം മാത്രമാണെന്ന നിലപാട് ഇന്ന് സ്വീകരിച്ചു.

ഗവര്‍ണ്ണറുടെ കാര്‍ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത് താരതമ്യേന ദുര്‍ബ്ബല വകുപ്പുകളായിരുന്നു. ഡിസംബര്‍ 11ന് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപിസി 143, 147, 149, 283, 353 എന്നീ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. രാഷ്ട്രപതിയേയും സംസ്ഥാന ഗവര്‍ണര്‍മാരേയും തടയുന്നതും ആക്രമിക്കുന്നതും ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിയിട്ടുളള ഐപിസി 124-ആം വകുപ്പ് ചുമത്തണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് ഏഴ് പേര്‍ക്കുമെതിരെ ഈ വകുപ്പ് ചുമത്തിയത്.

പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ(ഡിസംബര്‍ 12) പരിഗണിച്ചപ്പോള്‍ നടന്നത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചിരുന്നു. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടപ്പോള്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു 124 ആം വകുപ്പ് നിലനില്‍ക്കുമോ എന്ന സംശയമാണ് പ്രകടിപ്പിച്ചത്. സെനറ്റ് അംഗങ്ങളുടെ നിയമനം പൂര്‍ത്തിയായതാണ്. ഇതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഗവര്‍ണ്ണര്‍ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താന്‍ ശ്രമിച്ചാലേ കൃത്യനിര്‍വ്വഹണം തടഞ്ഞു എന്ന നിലയില്‍ 124 നിലനില്‍ക്കൂ എന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. അപ്പോള്‍ എന്താണ് പ്രതികള്‍ ചെയ്തതെന്ന് കോടതി ചോദിച്ചപ്പോള്‍ പ്രതിഷേധം മാത്രമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ‘എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പ്രതികള്‍ ചേര്‍ന്ന് റോഡില്‍ എത്തി അവരുടെ പൊതു ഉദ്ദേശ കാര്യസാധ്യത്തിനായി ആലോചിച്ച് ഉറച്ച് തങ്ങള്‍ ഓരോരുത്തരും ടി-സംഘത്തിലെ അംഗങ്ങളാണെന്ന അറിവോടു കൂടി മുദ്രാവാക്യങ്ങള്‍ വിളിച്ച് കേരള ഗവര്‍ണര്‍ സഞ്ചരിച്ചു വന്ന വാഹനം തടഞ്ഞ് കറുത്ത തുണി ഉയര്‍ത്തിക്കാട്ടിയും മെയിന്‍ റോഡ് വഴിയുളള വാഹന ഗതാഗതം തടസ്സപ്പെടുത്തിയും പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയു’മെന്നാണ്.

പ്രോസിക്യൂഷന് പിന്നാലെ പ്രതികളുടെ അഭിഭാഷകനും 124 നിലനില്‍ക്കില്ലെന്ന് വാദിച്ചു. ഗവര്‍ണ്ണര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് പോകുകയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഗവര്‍ണ്ണറുടെ വാഹനത്തിനുണ്ടായ കേട് പാടുകള്‍ക്കുണ്ടായ നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പണം കെട്ടിവെച്ചാല്‍ എന്തും ചെയ്യാമോ എന്നായിരുന്നു ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഭിനിമോള്‍ രാജേന്ദ്രന്റെ മറു ചോദ്യം. ജാമ്യ അപേക്ഷയില്‍ വാദം പൂര്‍ത്തിയായി, വ്യാഴാഴ്ച്ച വിധി പറയും. യദുകൃഷ്ണന്‍, ആഷിഖ് പ്രദീപ്, ആഷിഷ് ആര്‍.ജി, ദിലീപ്, റയാന്‍, അമല്‍, റിനോ സ്റ്റീഫന്‍ എന്നിവരാണ് കേസിലെ ഏഴ് പ്രതികള്‍. ഇതില്‍ ആറാം പ്രതി അമലിന് പരീക്ഷ എഴുതാന്‍ വേണ്ടി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top