എൻഡിഎ പൊളിയുമോ? ഹരിയാന, കശ്മീർ… പിന്നാലെ മഹാരാഷ്ട്ര, ഝാർഖണ്ഡ്; ബിജെപിക്ക് അഗ്നിപരീക്ഷ, മോദി മായുമോ?

ഗുസ്തി താരങ്ങളുടെയും കർഷക പ്രതിഷേധങ്ങളുടെയും കടുത്ത എതിർപ്പ് സാമൂഹ്യഘടനയെ ആകെ മാറ്റിമറിച്ച ഹരിയാനയും ആർട്ടിക്കിൾ 370 പിൻവലിച്ചതിൻ്റെ പശ്ചാത്തലത്തിൽ വിധിയെഴുതാൻ പോകുന്ന ജമ്മു കാശ്മീരും ബിജെപിയെ പുറന്തള്ളിയാൽ മോദി നയിക്കുന്ന എൻഡിഎ സർക്കാരിൻ്റെ ഭാവിയെന്താകും? ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ 10ൽ 5 സീറ്റും പിടിച്ചെടുത്ത ഹരിയാനയ്ക്ക് പുറമേ നാഷണൽ കോൺഫറൻസുമായുള്ള സഖ്യത്തിലൂടെ ജമ്മു കാശ്മീരിലും കോൺഗ്രസ് ഡ്രൈവിംഗ് സീറ്റിലാണ് എന്നത് ബിജെപിയെ ചെറുതായൊന്നുമല്ല സമ്മർദത്തിലാഴ്ത്തിയിട്ടുള്ളത്.

ഹരിയാനയിൽ കോൺഗ്രസിനെതിരെ, മുതിർന്ന വനിതാ നേതാവ് കുമാരി ഷെൽജയുടെ നേതൃത്വത്തിൽ വിമത നീക്കം പ്രതീക്ഷിച്ച ബിജെപിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഭൂപീന്ദർഹുഡയ്ക്കൊപ്പം ശക്തമായി അവർ രംഗത്തിറങ്ങി. ജമ്മു കാശ്മീരിൽ പാർട്ടി വിട്ട മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസിന് വൻ വെല്ലുവിളിയാകുമെന്ന് ബിജെപി കരുതിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ പണവും ആരോഗ്യവുമില്ലെന്ന് പറഞ്ഞ് ആസാദ് തടിതപ്പിയത് കോൺഗ്രസിന് ആശ്വാസമായി. ചുരുക്കത്തിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഡ്രൈവിംഗ് സീറ്റിലായത് മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ കടുത്ത പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്.

ഇതു മറികടക്കാൻ തീവ്ര പ്രചരണമാർഗങ്ങൾ ബിജെപി നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും പഴയതുപോലെ ഏൽക്കുന്നില്ല. ഹരിയാനയിൽ ജാട്ട് വിഭാഗവും കർഷകരും രജപുത്രരും വ്യത്യസ്ത കാരണങ്ങളാൽ ബിജെപിക്കെതിരാണ്. ജാട്ട് വിഭാഗത്തിൻ്റെ പാർട്ടിയും മുൻ സഖ്യകക്ഷിയുമായ ജെജെപി ശക്തമായ ബിജെപി വിമർശനത്തിലൂടെ കോട്ടകൾ കാത്തുരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്ന സാഹചര്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ആപ്പിനെപ്പോലും കൈവിടാനുള്ള ആത്മവിശ്വാസം കോൺഗ്രസിനുണ്ടായി എന്നത് തന്നെ ചിത്രം വ്യക്തമാക്കുന്നു.

ജമ്മു കാശ്മീരിലെ ആകെ സീറ്റുകളിൽ ബിജെപി ശ്രദ്ധിക്കുന്നത് ജമ്മു മേഖലയിൽ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി സീറ്റ് നേടി മുഖ്യ പ്രതിപക്ഷമാകാനാണ് ബിജെപി ശ്രമം. പതിവിൽ നിന്ന് വ്യത്യസ്തമായി മോദിയല്ല ഇക്കുറി ഈ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. പരാജയത്തിൻ്റെ ഉത്തരവാദിത്തം മോദിയുടെ തലയിൽ വീഴാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായാണിതെന്ന് വിലയിരുത്തപ്പെടുന്നു. മുമ്പ് ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് വേണ്ടി ദിവസങ്ങൾ ചെലവഴിച്ചയാളാണ് പ്രധാനമന്ത്രി.

ഇതിനൊപ്പം ഈ വർഷമൊടുവിൽ മഹാരാഷ്ട്രയും തുടർന്ന് ഝാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തിൽ ബിജെപി ഇവിടങ്ങളിലെല്ലാം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുത്തരായ പ്രാദേശിക നേതാക്കളുടെ അഭാവമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതിനൊപ്പം മോദി-ഷാ ദ്വന്ദ്വത്തിൻ്റെ സ്വന്തം തട്ടകമായ ഗുജറാത്തും തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രത്യേകമായൊരു ആക്ഷൻ പ്ലാനിന് കോൺഗ്രസ് പ്രസിഡൻ്റ് നിർദേശം നൽകിയിരിക്കുകയാണ്. ഇവിടങ്ങളിലാകെ തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടായാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ നിലനിൽപ് തന്നെ അവതാളത്തിലാകും. മോദി-ഷാ നേതൃത്വത്തിൻ്റെ അസ്തിത്വം ബിജെപിയിൽ തന്നെ ചോദ്യം ചെയ്യപ്പെടാൻ അത്തരമൊരു സാഹചര്യം വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top