ഓണ്‍ലൈനില്‍ വാങ്ങിയ പ്രോട്ടീന്‍ പൗഡര്‍ കഴിച്ചപ്പോള്‍ വയറും കരളും തകര്‍ന്നു; പോലീസ് അന്വേഷണത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
യുപി നോയിഡയിലെ അതിംസിങ് ജനപ്രിയ ബ്രാന്‍ഡിന്റെ പ്രോട്ടീന്‍ സപ്ലിമെൻ്റുകൾ ഓർഡർ ചെയ്തത് ഓണ്‍ലൈനിലാണ്. അത് കഴിച്ചപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് വന്നത്. വയറിനും കരളിനും പ്രശ്നങ്ങളായി. മുഖവും വിണ്ടുകീറി. ഇതോടെ ഉല്‍പ്പന്നത്തെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ നോയിഡ പോലീസിൽ പരാതി നൽകി. പോലീസ് ഭാരതീയ ന്യായസംഹിത 318 (4) പ്രകാരം വഞ്ചനയ്ക്കും ഐടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ഗ്രേറ്റർ നോയിഡയിലെ സെക്ടർ 86 ലെ ഒരു ഫാക്ടറിയിലാണ് പോലീസ് അന്വേഷണം എത്തിയത്. അവിടെ മൂന്ന് പേര്‍ ഇരുന്ന് ഒഴിഞ്ഞ പെട്ടികള്‍ നിറയ്ക്കുകയാണ്. ‘അത്‌ലറ്റ്‌സ് കംപ്ലീറ്റ് ന്യൂട്രീഷൻ’ എന്ന ലേബലുള്ള വ്യാജ പ്രോട്ടീൻ പൗഡർ നിറച്ച പെട്ടികളാണ് പോലീസും ഭക്ഷ്യസുരക്ഷാവകുപ്പും കണ്ടെടുത്തത്. ലൈസന്‍സ് ഉണ്ടോ എന്ന് പോലും ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നു.
50 ലക്ഷം രൂപ വിലമതിക്കുന്ന പ്രോട്ടീൻ ബോക്‌സുകൾ, ക്യാപ്‌സ്യൂൾ ബോക്‌സുകൾ, റാപ്പറുകൾ, പൗഡർ ചാക്കുകൾ, പാക്കിംഗ് മെഷീനുകൾ, പ്രിന്റിംഗ് മെഷീനുകൾ, സീലുകൾ എന്നിവയുടെ വൻശേഖരവും ഇവിടെ നിന്നും കണ്ടെത്തി.
ഗാസിയാബാദ് സ്വദേശികളായ സാഹിൽ യാദവ് (27), ഹർഷ് അഗർവാൾ (28), അമിത് ചൗബേ (30) എന്നിവരാണ് പിടിയിലായത്. ഇവരാണ് വ്യാജ ഭക്ഷ്യ സപ്ലിമെന്റ് ഫാക്ടറി നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുന്നത്. വ്യാജ സപ്ലിമെന്റുകള്‍ നിര്‍മിച്ച് വിപണി വിലയേക്കാൾ നാലോ അഞ്ചോ ഇരട്ടി വിലയ്ക്ക് വിൽയ്ക്കാണ് വില്‍ക്കുന്നത്.
ഹരിയാനയിലെ ഫുഡ് സപ്ലിമെന്റ് നിർമാണ കമ്പനിയായ ‘അഡ്വാൻസ് ന്യൂട്രാടെക്കി’ൽ ചെറുകാലയളവിൽ ജോലി ചെയ്തിരുന്നതായിപ്രതികളില്‍ ഒരാളായ സാഹില്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്‍ സ്വന്തമായി നിര്‍മാണം തുടങ്ങി വില്‍പന നടത്തുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയായിരുന്നു നിര്‍മാണം. ഈ റാക്കറ്റിനെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
ശരീരത്തിന് ആവശ്യമായ മൂന്ന് പ്രധാന പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീനുകള്‍. പേശികളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ പൗഡറുകള്‍ക്ക് ഇപ്പോള്‍ ആവശ്യം ഏറെയാണ്. പ്രോട്ടീൻ സപ്ലിമെന്റുകള്‍ പ്രധാനമായും കഴിക്കുന്നത് കായികതാരങ്ങൾ, ബോഡി ബിൽഡർമാർ, ഫിറ്റ്നസ് വർധിപ്പിക്കുന്നതിനായി ജിമ്മുകളിൽ പോകുന്ന യുവാക്കള്‍ എന്നിവരാണ്. അപകടങ്ങള്‍ പ്രോട്ടീൻ സപ്ലിമെന്റുകളിലും പതിയിരിക്കുന്നുണ്ടെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here