ജന്തർ മന്തര്‍ സമരത്തിന് യുഡിഎഫില്ല; ഇന്ത്യാ സഖ്യത്തിലെ കക്ഷികളെ പങ്കെടുപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ യുഡിഎഫ് ഒപ്പം ചേരില്ല. കേന്ദ്ര നയങ്ങള്‍ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളിയിട്ടുണ്ട്. കേന്ദ്രത്തിൻ്റെ സാമ്പത്തിക നയത്തിൽ പ്രശ്നമുണ്ടെന്നും പ്രതിസന്ധിക്ക് കേരളത്തിനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ചർച്ചയിൽ പ്രതിപക്ഷ നേതാവ് അറിയിച്ചത്.
യുഡിഎഫ് പങ്കാളിത്തമില്ലാത്തതിനാല്‍ കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം എന്ന ടാഗ് ലൈന്‍ ഫലവത്താകില്ല. ഇന്ത്യാ സഖ്യത്തിലെ കക്ഷികളെയും സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാന നേതൃത്വങ്ങളെയും അണിനിരത്തിയുള്ള വിപുലമായ പ്രക്ഷോഭത്തിനാണ് സിപിഎം ഒരുങ്ങുന്നത്.
സമരം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയനാണ്. ജന്തർ മന്തറിലെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും സമരത്തിൽ അണിനിരക്കും. ബിജെപിയുടേത് അടക്കം എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർക്കും കേരളത്തിന്റെ നിലപാട് അറിയിച്ച് കത്തയക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കാനുള്ള പ്രക്ഷോഭമായാണ് ഡല്‍ഹി സമരത്തെ സിപിഎം വിശേഷിപ്പിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here