ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ ചർച്ച വഴിമാറിയെന്ന് ബിഷപ് തറയിൽ!! വേറെന്ത് ചർച്ച ചെയ്യണമെന്ന് സോഷ്യൽ മീഡിയ; രൂക്ഷ പ്രതിഷേധം

കോട്ടയത്ത് ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കിയ ഷൈനിയുടെയും മക്കളുടെയും മരണത്തിൽ ചർച്ചകൾ വഴിമാറി പോകുന്നുവെന്ന് പ്രസംഗിച്ച ചങ്ങനാശേരി ആർച്ചുബിഷപ് മാർ തോമസ് തറയിലിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. മരിച്ച ഷൈനിയുടെ ഭർതൃസഹോദരനായ വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.

ഭർത്താവ് ഇപ്പോൾ അറസ്റ്റിലുമായി റിമാൻഡിലായി കഴിഞ്ഞു. എന്നിട്ടും അയാളെയോ സഹാദരനായ വൈദികനെയോ പരാമർശിക്കാതെ, “ഒരു സ്ത്രീ അവരുടെ രണ്ട് മക്കളെയുമെടുത്ത് റെയിൽപാളത്തിൽ ജീവനൊക്കെ ഒടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിച്ച് പോകുന്നു…..”, എന്നാണ് മാർ തറയിൽ പറഞ്ഞത്. ആരെ രക്ഷിക്കാനാണ് വ്യഗ്രതയെന്ന് വ്യക്തമാകുന്നുണ്ടെന്നും ആ സ്ത്രീയെയും കുട്ടികളെയും ഇനി മനസിലെങ്കിലും ചേർത്ത് പിടിക്കണമെന്നും ആണ് പലരും ചൂണ്ടിക്കാട്ടുന്നത്.

മറ്റ് പല വിഷയങ്ങളിലും എന്നപോലെ സഭാവിരുദ്ധരല്ല, സഭയോട് ചേർന്നുനിൽക്കുന്നവർ ആണെന്നും എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല എന്നൊക്കെ പ്രത്യേകം പരാമർശിച്ച് തന്നെയാണ് പലരും മെത്രാൻ്റെ നിലപാടിൽ പ്രതിഷേധം അറിയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് സഭയെയും കൂടുതൽ പ്രതിസന്ധിയിലാക്കും. ഷൈനിയും മക്കളും ക്നാനായ കത്തോലിക്കാ സഭയിൽ ഉൾപ്പെട്ടവരെന്ന നിലയിൽ ആ സഭക്കെതിരെ പ്രതിഷേധം രൂക്ഷമായി വരുന്നതിനിടെയാണ് സിറോ മലബാർ സഭയിലെ പ്രധാനിയും പുരോഗമന പ്രതിഛായയുമുള്ള മാർ തറയിൽ ഈ വിഷയത്തിൽ ഇടപെട്ട് ഇപ്പോൾ പ്രതിഷേധം ഏറ്റുവാങ്ങുന്നത്.

വീഡിയോ കാണാം:

Logo
X
Top