ദേശീയ പാതയ്ക്കായി കുന്നിടിച്ച് മണ്ണെടുക്കല്‍, ആലപ്പുഴ നൂറനാട് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധം, പോലീസ് ലാത്തിചാര്‍ജ്ജ്
ആലപ്പുഴ : ആലപ്പുഴ നൂറനാട് ദേശീയ പാത നിര്‍മ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം. പോലീസ് ലാത്തി വീശി. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മാവേലിക്കര എം.എല്‍.എ അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എംഎല്‍എ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു.
നൂറനാട് പാലമേല്‍ കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയാണ് സിപിഎം അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും സംയുക്തമായി പ്രതിഷേധിക്കുന്നത്. 100 ഏക്കറോളം വിസ്തീര്‍ണമുള്ള മറ്റപ്പള്ളിമലയിലെ മണ്ണെടുപ്പ് അനുവദിക്കാന്‍ കഴില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഇതിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഇതിനെതിരെ നാട്ടുകാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജ്ജി വിധി പറയാന്‍ മാറ്റി വച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ മണ്ണെടുക്കാന്‍ ശ്രമം ആരംഭിച്ചു. ഇതോടെയാണ് പ്രതിഷേധവും ശക്തമായത്.
പുലര്‍ച്ചെ നാട്ടുകാര്‍ സംഘടിച്ചെത്തി ലോറികളടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു. രാവിലെ 9 മണിയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നത്. റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ ഉള്‍പ്പെടെ സമാധാനപരമായി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവര്‍ക്കുനെരെ പെട്ടെന്ന് പോലീസ് നടപടിയുണ്ടാവുകയായിരുന്നു. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് പിന്‍വാങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
കുന്നിടിച്ച് മണ്ണെടുത്താല്‍ പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന കരിങ്ങാലില്‍ചാല്‍ പുഞ്ചയിലെ കൃഷിക്കു ദോഷം വരുമെന്നും പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here