തസ്ലീമ നസ്റീൻ്റെ പ്രസാധകനെതിരെ ധാക്ക പുസ്തകമേളയിൽ പ്രതിഷേധം; പിന്നിൽ ജിഹാദികളെന്ന് എഴുത്തുകാരിയുടെ ട്വീറ്റ്

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീൻ്റെ പുസ്തകങ്ങൾക്കെതിരെ പലപ്പോഴായി ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് സ്വന്തം രാജ്യംവിട്ട് അവർ ഇന്ത്യയിൽ അഭയം തേടിയിട്ട് ഏറെക്കാലമായി. അവരുടെ പുസ്തകം പ്രസിദ്ധീകരിച്ച സബ്യസാചി പബ്ലിക്കേഷൻ എന്ന സ്ഥാപനത്തിനെതിരെ ആണ് ഏറ്റവും പുതിയ പ്രതിഷേധം. ധാക്കയിലെ അമർ എകുഷേ പുസ്തകമേളയിലെ പ്രസാധക കമ്പനിയുടെ സ്റ്റാളിലേക്ക് ഒരുകൂട്ടം മദ്രസ വിദ്യാർത്ഥികൾ ഇരച്ചുകയറി എന്നാണ് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.
സ്റ്റാളിൽ തസ്ലിമയുടെ പുസ്തകം എന്തിന് വച്ചിരിക്കുന്നു എന്ന ചോദ്യവുമായാണ് ഒരുസംഘം ആദ്യം സ്ഥലത്തെത്തിയത്. പിന്നീടിവർ സബ്യസാചി പബ്ലിക്കേഷൻ്റെ നടത്തിപ്പുകാരൻ ശതാബ്ദി ഭാവയെ ആക്രമിച്ചു. തസ്ലിമയുടെ പുസ്തകങ്ങൾ എടുത്തെറിയുകയും ചെയ്തു. ഇതോടെ പോലീസ് എത്തി ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് നീക്കംചെയ്തു. ഇവരെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. സംഘർഷത്തിൻ്റെ കാരണം കൃത്യമായി മനസിലായില്ലെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ മസൂദ് ആലം അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം സംഘർഷം ഉണ്ടാക്കിയത് ജിഹാദി സംഘങ്ങളാണെന്ന് ആരോപിച്ച് തസ്ലീമ നസ്റീൻ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത കുറിപ്പിൽ ‘jihadist religious extremists’ എന്ന വാക്കാണ് അവർ ഉപയോഗിച്ചത്. തൻ്റെ പുസ്തകം പ്രസിദ്ധീകരിച്ചതാണ് ‘സബ്യസാചി’ ചെയ്ത കുറ്റമെന്നും, അതിൻ്റെ പേരിൽ പ്രസാധകൻ്റെ സ്റ്റാൾ അടിച്ചു നശിപ്പിച്ച ശേഷം പൂട്ടിച്ചെന്നും, പോലീസും അധികാരികളും അക്രമകാരികളെ പിന്തുണക്കുകയാണെന്നും അവർ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here