നിലയ്ക്കല്‍ മെത്രാനെതിരെയും ആരോപണം, ബിജെപിയില്‍ ചേര്‍ന്ന വൈദികനെ സംരക്ഷിക്കുന്നത് അവിഹിത ഇടപാടിൻ്റെ ലക്ഷണമെന്ന് ഓർത്തഡോക്സ് മാനേജിങ് കമ്മറ്റിയംഗങ്ങള്‍

പത്തനംതിട്ട: ബിജെപിയില്‍ അംഗത്വമെടുത്ത നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാദര്‍ ഷൈജു കുര്യനെതിരായ പ്രതിഷേധം മെത്രാനെതിരെയും തിരിയുന്നു. ഇരുവരും ചേർന്ന് അവിഹിത ഇടപാടുകൾ പലതുണ്ടെന്നും അതിനാലാണ് നടപടിയെടുക്കാൻ വൈകുന്നതെന്നും ആരോപിച്ച് ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങൾ രംഗത്തെത്തി. നിരവധി ആരോപണങ്ങള്‍ ഷൈജു കുര്യനെതിരെ നേരത്തെ ഉയര്‍ന്നപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. പരാതികള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ടു പോലും പുറം ലോകം കണ്ടില്ല. ഇപ്പോഴത്തെ പ്രതിഷേധവും കണ്ടില്ലെന്ന് നടിക്കുകയാണ് ഭദ്രാസനാധിപൻ ജോഷ്വാ മാര്‍ നിക്കോദിമോസ്. ഭദ്രാസന സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുത്തതാണ് പ്രശ്നം. നടപടിയാവശ്യപ്പെട്ട് കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീകളെയടക്കം തെരുവിലിറക്കി പ്രതിഷേധിക്കാനാണ് തീരുമാനം. ആത്മീയതയ്ക്ക് നിരക്കാത്ത ഇടപാടുകളും ഷൈജു കുര്യന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായി പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിലയ്ക്കല്‍ ഭദ്രാസന ആസ്ഥാനത്തടക്കം ഇന്നലെ പ്രതിഷേധമുണ്ടായെങ്കിലും സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിഷേധക്കാരെ നേരില്‍ കാണാന്‍ പോലും ഭദ്രാസനാധിപൻ തയാറായില്ല. ഗേറ്റ് പൂട്ടി പോകുന്ന നിലപാടാണ് സ്വീകരിച്ചത്.

പ്രതിഷേധക്കാരുടെ മൂന്ന് ആവശ്യങ്ങള്‍

ബിജെപിയില്‍ അംഗത്വമെടുക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ സഭാ നേതൃപദവിയിലിരുന്ന് അത് ചെയ്യുന്നത് സഭയെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം. അതുകൊണ്ട് ആ സ്ഥാനം ഒഴിയണം. കൂടാതെ, സണ്‍ഡേ സ്‌കൂളിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണം, ജനുവരി 11ന് തുടങ്ങുന്ന നിലയ്ക്കല്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടക സ്ഥാനം ഒഴിയണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ഒരു വൈദികനും 3 അല്മായരും ഉള്‍പ്പെട്ട ഭദ്രാസന മാനേജിംഗ് കമ്മറ്റിയില്‍ ഭൂരിഭാഗവും ഷൈജു കുര്യനെതിരാണ്. ധാര്‍മ്മികതയ്ക്ക് നിരക്കാത്ത പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഷൈജു കുര്യനെ അംഗീകരിക്കില്ലെന്ന് മാനേജിംഗ് കമ്മറ്റിയംഗം അഡ്വ.അനില്‍ തോമസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഫോണിലൂടെ വൈദികരേയും വിശ്വാസികളേയും അസഭ്യം പറയുന്നത് ഷൈജു കുര്യന്റെ സ്ഥിരം രീതിയാണ്. സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതിയുണ്ടെന്നും അനില്‍ തോമസ് പറഞ്ഞു.

മുൻപും പരാതികൾ, അന്വേഷണങ്ങൾ

ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് മുടക്കിയ വ്യാജ വൈദികന്‍ ലാല്‍ കെ.തോമസിനെ പണം വാങ്ങി റാന്നി കുരുമ്പന്‍മൂഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കാന്‍ ഷൈജു കുര്യന്‍ ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണം ഭദ്രാസനാധിപന് പരാതിയായി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതും ഇരുവരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് മാനേജിംഗ് കമ്മറ്റിയംഗം അഡ്വ.അനില്‍ തോമസ് ചൂണ്ടിക്കാട്ടുന്നു.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഷൈജു കുര്യനെതിരെ മുൻപ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് നേരിട്ടും പരാതി നല്‍കിയിട്ടുണ്ട്. പരിശോധിക്കാന്‍ നേരത്തെ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന ബിഷപ്പുമായ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപോലീത്ത അധ്യക്ഷനായ കമ്മീഷനെ നിയമിച്ചിരുന്നു. അറുപതിലധികം വിശ്വാസികള്‍ കമ്മീഷന്‍ മുമ്പാകെ മൊഴി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കമ്മീഷന്റെ കണ്ടെത്തല്‍ എന്താണെന്നു പോലും ആര്‍ക്കും അറിയില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജെയ്‌സണ്‍ പെരുനാട് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ഇടവകയിലും പ്രതിഷേധം

ഷൈജു കുര്യന്‍ വികാരിയായി ജോലി ചെയ്യുന്ന റാന്നി – മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ ഇദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്നതിന്റെ പിറ്റേന്ന് ഞായറാഴ്ച പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍ തന്നെ വിശ്വാസികള്‍ ബഹളം വയ്ക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്ത സംഭവമുണ്ടായി. പ്രതിഷേധിച്ചവരെ വീടുകളില്‍ പോയി അനുനയിപ്പിക്കാന്‍ ഷൈജു കുര്യന്‍ ശ്രമം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top