ഷെർളി റസാലത്തിന്റെ പത്രിക തള്ളി; സിഎസ്ഐയിൽ കലാപം, സമദൂരം മതിയെന്ന് സെക്രട്ടറി ടി.ടി.പ്രവീൺ; അൻസജിതയെ വിമത സ്ഥാനാർത്ഥിയാക്കാൻ നടത്തിയ നീക്കവും പാളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സിഎസ്ഐ സഭയിലെ ഒരു വിഭാഗത്തിന്റെ നീക്കം പാളി. സഭയില്‍ വന്‍ ഭിന്നത രൂപപ്പെടുകയാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സിഎസ്ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജം റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ശ്രമം. ഇന്നലെ അവര്‍ നാമനിര്‍ദ്ദേശ പത്രികയും നല്‍കുകയും ചെയ്തു. എന്നാല്‍ മതിയായ രേഖകളില്ലാതെ പത്രിക നല്‍കിയതിനാല്‍ വരണാധികാരി തള്ളി. ഇതോടെ ഫലത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെല്ലുവിളി ആകാമായിരുന്ന സുപ്രധാന നീക്കം പൊളിഞ്ഞു. സമദൂര സിദ്ധാന്തമാണ് സഭാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീൺ മുന്നോട്ട് വയ്ക്കുന്നത്.

കോണ്‍ഗ്രസിൻ്റെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നാടാർ വിഭാഗക്കാരിയുമായ അന്‍സജിതാ റസലിനെ മത്സരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. മത്സരിക്കാനാവില്ലെന്ന് അൻസജിത നിലപാട്‌ എടുത്തതോടെയാണ് ധര്‍മ്മരാജം റസാലം സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഷെര്‍ലി റസാലം സ്ഥാനാര്‍ത്ഥിയായി രംഗത്ത് എത്തിയത് കോൺഗ്രസ് ക്യാമ്പുകളെ അസ്വസ്ഥമാക്കി. ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ്
അവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുന്നത്. മതിയായ രേഖകൾ സമർപ്പിച്ചിരുന്നില്ല എന്നതാണ് കാരണമെന്ന് അറിയുന്നു. പത്രികാ സമർപ്പണത്തിനുള്ള സമയം തീരാനിരിക്കെ ഇന്നലെ തിടുക്കത്തിലാണ് ഇവർ രംഗത്തിറങ്ങിയത്.

തിരുവനന്തപുരത്ത് നിര്‍ണ്ണായക വോട്ട് ബാങ്കാണ് സിഎസ്ഐ സഭ. ഈ വോട്ടുകള്‍ സാധാരണ നിലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനാണ് ലഭിക്കാറുള്ളത്. ഇതില്‍ വിള്ളലുണ്ടാക്കി ചതുഷ്‌കോണ പോരാട്ടം ലക്ഷ്യമിട്ടായിരുന്നു മുന്‍ ബിഷപ്പിന്റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കം. ഇത് എല്ലാ അര്‍ത്ഥത്തിലും പൊളിഞ്ഞു. ഇതോടെ സഭയിലും ഭിന്നത രൂക്ഷമാകുകയാണ്.

മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ റസാലം ബിഷപ്പ് പദവി ഒഴിഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത് സഭക്കുള്ളിലും വലിയ വിവാദമായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് അടക്കം നാടകീയ സംഭവങ്ങൾ പലതും സഭയെ ചുറ്റിപ്പറ്റി ഉണ്ടായി. ഈ കേസിൽ ഇഡിയും ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുകയുമാണ്. കേന്ദ്ര ഇടപെടലുകളുടെ കുരുക്ക് ഇങ്ങനെ മുറുകുമ്പോഴാണ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സരരംഗത്തിറങ്ങുന്നത്. ഇതോടെ അവര്‍ പിടിക്കുമെന്ന് കരുതിയ വോട്ടുകള്‍ ജയപരാജയെത്തെ സ്വാധീനിക്കുമെന്ന നിലയായി. എന്നാല്‍ പത്രിക തള്ളിയതും അപ്രതീക്ഷിതമായി.

നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മേഖലകളില്‍ സിഎസ്ഐക്ക് നിർണായക സ്വാധീനമുണ്ട്. ബിഷപ്പ് പദവി ഒഴിഞ്ഞെങ്കിലും ധര്‍മ്മരാജ് റസാലത്തിന് സഭയ്ക്കുള്ളില്‍ നല്ല സ്വാധീനമുണ്ട്. ഇപ്പോഴും നിര്‍ണ്ണായക ചുമതലകളുമുണ്ട്. അതുകൊണ്ട് തന്നെ റാസലത്തിന്റെ ഭാര്യ ഗണ്യമായ വോട്ടുകൾ പിടിക്കുമെന്നും വിലയിരുത്തലുണ്ടായി.

സിഎസ്ഐ സഭയില്‍ വന്‍ ഭിന്നത പ്രകടമാണ്. ബിജെപിക്ക് അനുകൂലമായി ചിലര്‍ മാറിക്കഴിഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്യത്തിലാണ് ഓപ്പറേഷന്‍ താമര സിഎസ്ഐ സഭയ്ക്കുള്ളില്‍ നടക്കുന്നത്. റസാലത്തിൻ്റെ എതിർപക്ഷത്ത് നിൽക്കുന്ന സിഎസ്ഐ മുന്‍ സെക്രട്ടറി ഡോ.റോസ് ബിസ്റ്റിന്റെ പിന്തുണ ആര്‍ക്കെന്നതും ചര്‍ച്ചയാണ്. നിലവിലെ സിഎസ്ഐ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായ ഡോ.ടിടി പ്രവീണ്‍ റസാലവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിയില്ല. സമദൂരമാണ് പ്രവീൺ പ്രഖ്യാപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top