എയര്‍ ഇന്ത്യ ഓഫീസിനു മുന്നില്‍ നമ്പി രാജേഷിന്റെ മൃതദേഹവുമായി പ്രതിഷേധം; സര്‍വ്വീസ് റദ്ദാക്കിയതു മൂലം ഭാര്യ അമൃതയുടെ യാത്ര മുടങ്ങി; നീതി ലഭിക്കണമെന്ന് കുടംബം

തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഉറ്റവരെ കാണാന്‍ കഴിയാതെ മരിച്ച പ്രവാസിയുടെ മൃതദേഹവുമായി പ്രതിഷേധം. തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റസ് ഓഫീസിന് മുന്നിലാണ് കുടുംബം പ്രതിഷേധിക്കുന്നത്. മരിച്ച രാജേഷിന്റെ ഭാര്യ അമൃത, അമൃതയുടെ അച്ഛന്‍ രവി എന്നിവരുള്‍പ്പെടെയാണ് പ്രതിഷേധിക്കുന്നത്.

ഒമാനില്‍ ജോലിക്കിടെ കുഴഞ്ഞു വീണ് അതീവഗുരുതരവാസ്ഥയിലായ രാജേഷ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മെയ് എട്ടിന് അമൃത ഒമാനിലേക്ക് ടിക്കറ്റ് എടുത്ത് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധം മൂലം സര്‍വ്വീസ് റദ്ദാക്കി. കരഞ്ഞ് പറഞ്ഞതോടെ പിറ്റേ ദിവസത്തേക്ക് ടിക്കറ്റ് നല്‍കിയെങ്കിലും ആ സര്‍വ്വീസും റദ്ദാക്കി. ഇതോടെ യാത്ര മുടങ്ങി. ടിക്കറ്റ് തുക വേഗത്തില്‍ മടക്കി നല്‍കണമെന്ന ആവശ്യവും വിമാന കമ്പനി പരിഗണിച്ചില്ല. താലിമാല വിറ്റ് വീണ്ടും യാത്രയ്ക്ക പണം കണ്ടെത്താനുളള ശ്രമത്തിനിടെ മെയ് 13ന് രാജേഷ് മരിച്ചു.

ഇന്ന് രാവിലെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ഇവിടെ നിന്നും നേരെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ എത്തിക്കുകയായിരുന്നു. നീതി ലഭിക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് കുടുംബം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top