കാട്ടാന ആക്രമണത്തില്‍ കണമലയില്‍ പ്രതിഷേധം; നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളും; ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുന്നു; വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം

പത്തനംതിട്ട : കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗ ആക്രമണം വര്‍ദ്ധിക്കുമ്പോഴും വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കണമലയില്‍ നാട്ടുകാര്‍ മാര്‍ച്ച് നടത്തി. പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും എടുക്കാത്തതാണ് തുലാപ്പള്ളിയില്‍ ബിജുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കാട്ടാനയുടെ ശല്യമുണ്ടെന്ന് ഇന്നലെ പലതവണ വനം വകുപ്പിനെ അറിയിച്ചതാണ്. എന്നാല്‍ ആ ഭാഗത്തേക്ക് വരാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സത്രീകളും കുട്ടികളുമടക്കമാണ് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. കേസെടുത്താലും പിന്‍മാറില്ലെന്നും ജീവിക്കാനാണ് ഈ സമരമെന്നും നാട്ടുകാര്‍ പറയുന്നു.

കണമല ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ് തുലാപ്പള്ളിയില്‍ ബിജു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്.

മൃതദ്ദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലാ കളക്ടര്‍ എസ്.പ്രംകൃഷ്ണന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മൃതദ്ദേഹം മാറ്റാന്‍ അനുവദിച്ചത്. ബിജുവിന്റെ കുടുംബത്തിന് അടിയന്തരമായി പത്ത് ലക്ഷം രൂപ അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു. കൂടുതല്‍ സഹായം നല്‍കുന്നത് പരിശോധിക്കാന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്റോ ആന്റണിയും നാട്ടുകാര്‍ക്കൊപ്പം കണമലയില്‍ പ്രതിഷേധിക്കുന്നുണ്ട്. കാട്ടാന ആക്രണത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആളാണ് വനം മന്ത്രി. അദ്ദേഹത്തിന് സുഖവാസത്തിന് പറ്റിയ ഏതെങ്കിലും വകുപ്പ് നല്‍കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top