സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ പ്രതിഷേധം; സ്ത്രീക്കെതിരെ ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് കെകെ രമ; പരാതി നല്‍കാന്‍ സിപിഎം
കോഴിക്കോട് : ആര്‍എംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. പരാമര്‍ശത്തെ ആര്‍എംപിയും കെകെ രമ എംഎല്‍എയും തള്ളിപ്പറഞ്ഞു. പരാതി നല്‍കാനാണ് ഇടത് സംഘടനകളുടെ തീരുമാനം.
വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച വര്‍ഗീയ പ്രചരണത്തിനെതിരായ പ്രതിഷേധത്തിലാണ് ഹരിഹരന്റെ ഭാഗത്തു നിന്നും സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായത്. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജയേയും ഒരു സിനിമ താരത്തിന്റേയും പേര് പറഞ്ഞാണ് പരമാര്‍ശമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെകെ രമയും അടക്കം പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത പരിപാടിയിലാണ് ഈ പ്രസംഗം.
‘സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത്, അവര്‍ ചില സംഗതികള്‍ നടത്തിയാല്‍ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വിഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?’ ‘. ഇതായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം. ഒപ്പം ഒരു നടിയുടെ പേരും ഹരിഹരന്‍ പരാമര്‍ശിച്ചു. പ്രസംഗം വിവാദമായതോടെ ഖേദ പ്രകടനവുമായി ഹരിഹരന്‍ തന്നെ രംഗത്തെത്തി.
ഹരിഹരന്റെ വിവാദ പ്രസ്താവന യു.ഡി.എഫ് അംഗീകരിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധമായ പരാമര്‍ശം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകണം. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
ഹരിഹരന്റെ പ്രസ്താവനനയെ കെകെ രമ എംഎല്‍എ തള്ളി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. ഇത്രയും പുരോഗമനത്തിലേക്ക് പോകുമ്പോഴും ഇത്തരം പരാമര്‍ശങ്ങള്‍ വലിയ വേദനയാണെന്നും രമ പ്രതികരിച്ചു. ഹരിഹരനെതിരെ എന്ത് നടപടി വേണമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും രമ പറഞ്ഞു. പരാമര്‍ശം നാക്കുപിഴവാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഖേദ പ്രകടനം നടത്തിയ ശേഷവും വിവാദം ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഡിസിസി നേതൃത്വം പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here