ഡൽഹിയിൽ മഴവെള്ളക്കെട്ടിൽ യുവാക്കൾ മരിച്ചതിൽ പ്രതിഷേധം; റോഡിൽ വാഹനം ഓടിച്ചവരെ അടക്കം അറസ്റ്റുചെയ്ത് കണ്ണിൽപൊടിയിടാൻ ശ്രമം

ഡൽഹിയിലെ ഐഎഎസ് കോച്ചിങ് സെൻ്ററിൽ മഴപെയ്തുണ്ടായ വെള്ളക്കെട്ടിൽ മലയാളിയടക്കം മൂന്നുപേർ മരിക്കാനിടയായ ദുരന്തത്തിൽ അറസ്റ്റിലായവരിൽ ഒരു എസ് യു വി ഡ്രൈവറും. റോഡിലെ വെള്ളക്കെട്ടിലൂടെ ഇയാൾ വാഹനമോടിച്ച് ഉണ്ടായ വെള്ളത്തിൻ്റെ തള്ളിച്ചയിലാണ് കോച്ചിങ് സെൻ്ററിൻ്റെ ഗേറ്റ് തകർന്ന് വെള്ളം ഉള്ളിലേക്ക് ഒഴുകിയതെന്നും ആളുകൾ മരിക്കാനിടയായതും എന്നാണ് കേസ്. എന്നാലിത് അടിസ്ഥാന രഹിതമാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും. ഏഴുപേരാണ് ആകെ അറസ്റ്റിലായിട്ടുള്ളത്.
മഴപെയ്ത് അരപ്പൊക്കത്തിൽ വെള്ളം കെട്ടിനിന്ന റോഡിലൂടെ എസ് യു വി കടന്നുവരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരുവശത്തേക്കും വെള്ളം തള്ളിപ്പോകുന്നുണ്ട്. ഇതിനിടെയാണ് റാവുസ് അക്കാദമിയുടെ ഗേറ്റ് പൊളിഞ്ഞു വീഴുന്നത്. അല്ലെങ്കിലും അധികം വൈകാതെ വെള്ളം ഉള്ളിലേക്ക് കടക്കുമെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.
വാഹനം അമിതവേഗത്തിൽ ആയിരുന്നില്ല. സാധാരണ നിലയിഷ കടന്നുപോകുകയായിരുന്നു. എന്നാൽ കെട്ടിനിന്ന വെള്ളം ഇരുവശത്തേക്കും മാറുമ്പോൾ ഉണ്ടാകുന്ന ശക്തിയിലാണ് ഗേറ്റ് വീഴുന്നത്. റോഡിന് എതിർവശത്ത് നിന്ന് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ തന്നെ അപകടം മനസിലാക്കി ഞെട്ടൽ പ്രകടിപ്പിക്കുന്നത് വീഡിയോ ക്ലിപ്പിലെ ശബ്ദത്തിൽ വ്യക്തമാണ്. എന്നാൽ ഇതൊന്നും അറിയാതെയാണ് വാഹനം കടന്നുപോകുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.
തൊട്ടടുത്തുള്ള ഓവുചാൽ ഇടിഞ്ഞും അപകട സ്ഥലത്തേക്ക് മഴവെള്ളം കുത്തിയൊഴുകിയിട്ടുണ്ട്. ഇങ്ങനെ രണ്ടു വിധത്തിലാണ് വിദ്യാർഥികൾ പഠിച്ചുകൊണ്ടിരുന്ന അണ്ടർ ഗ്രൌണ്ട് പാർക്കിങ്ങ് ഏരിയയിലേക്ക് വെള്ളം ഒഴുകിയത്. ഇവിടെ പണിത ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന നവീൻ അടക്കമുള്ളവരാണ് രക്ഷപെടാനാകാതെ മുങ്ങിമരിച്ചത്. രണ്ട് തവണ ഇതേ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചു എന്നതാണ് ഇയാൾക്കെതിരെ കുറ്റം ചുമത്താനുള്ള പോലീസിൻ്റെ ന്യായമെന്നാണ് അറിയുന്നത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ദുരന്തത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. മരിച്ചവരിൽ ഓരോരുത്തരുടെയും പേരിൽ അഞ്ചുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും സ്ഥലത്തെ ജനപ്രതിനിധികൾ മാപ്പു പറയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരി കത്തിച്ചും പൂക്കളര്‍പ്പിച്ചും ദേശീയ പതാക വീശിയും പ്രതിഷേധം സജീവമായി മുന്നോട്ട് കൊണ്ടുപോകുകയാണ് വിദ്യാര്‍ഥികള്‍.
വിദ്യാർത്ഥികളുടെ മരണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ഉണര്‍ന്നെണീറ്റ ഡൽഹി മുനിസിപ്പൽ കോർപറേഷൻ, കോച്ചിങ് സെന്‍ററുകളുടെ ബേസ്മെന്‍റുകളില്‍ പരിശോധന നടത്തി ചട്ടലംഘനമുള്ളവ സീല്‍ ചെയ്യുന്നത് തുടരുകയാണ്. രജീന്ദര്‍ നഗറില്‍ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി, ഓട വൃത്തിയാക്കുന്ന നടപടികളും പുരോഗമിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here