‘കോണ്‍ഗ്രസ് സഹകരണ സംഘം പ്രസിഡന്റ് ഉത്തരവാദി’; കുറിപ്പെഴുതി യുവാവിന്റെ ആത്മഹത്യ; മൃതദേഹവുമായി പ്രതിഷേധം

തിരുവനന്തപുരം ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിലാണ് ആത്മഹത്യ ചെയ്ത ബിജു കുമാറിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം പ്രസിഡന്റിനെതിരെ കുറിപ്പെഴുതിയ ശേഷമാണ് ബിജു കുമാര്‍ ആത്മഹത്യ ചെയ്തത്. സംഘത്തില്‍ ചിട്ടി പിടിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

എന്റെ മരണത്തിന് ഉത്തരവാദി ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് ജയകുമാര്‍ എന്നായിരുന്നു ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. മരിച്ച ബിജു കുമാറിന് സംഘത്തില്‍ 10 ലക്ഷം രൂപയുടെ ചിട്ടിയുണ്ടായിരുന്നു. ഇത് പിടിച്ചപ്പോള്‍ മുഴുവന്‍ പണവും സംഘം നല്‍കിയില്ല. ലഭിച്ച പണം ഉപയോഗിച്ച് ഇവിടെ തന്നെ പണയം വച്ചിരുന്ന സ്വര്‍ണ്ണം ബിജു തിരികെയെടുത്തിരുന്നു. ഇത് മനസിലാക്കിയ ജയകുമാര്‍ ഈ സ്വര്‍ണ്ണം മറ്റൊരു ബാങ്കില്‍ പണയം വയ്പ്പിച്ച് രണ്ട് ലക്ഷം രൂപ ബിജുവില്‍ നിന്നും വാങ്ങിയെന്നാണ് ആരോപണം. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല. ചിട്ടിയുടെ ബാക്കി പണവും നല്‍കിയില്ല. ഇതിനു പിന്നാലെ ഇല്ലാത്ത ബാധ്യതയുടെ പേരില്‍ 14 ലക്ഷം രൂപ തിരികെ അടയ്ക്കണം എന്നാവശ്യപ്പെട്ട് സംഘത്തിന്റെ പേരില്‍ നോട്ടീസയക്കുകയും ചെയ്തു. ഇതോടെയാണ് ബിജു കുമാര്‍ ആത്മഹത്യ ചെയ്തത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ബാങ്കിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായെത്തി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി. പണം ലഭിക്കാനുണ്ടെങ്കില്‍ എത്രയും വേഗം നല്‍കാമെന്ന് ഉറപ്പ് നല്‍കി. മറ്റ് പരാതികളില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top