മണിപ്പൂരിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ച് ആൾക്കൂട്ടം; ജനം ഇരച്ചു കയറിയതിന് പിന്നാലെ ഇൻ്റർനെറ്റ് നിരോധനം
ജിരിബാം ജില്ലയിൽ കുക്കി കലാപകാരികൾ ബന്ദികളാക്കിയ ആറുപേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മന്ത്രിമാരുടെയും എംഎൽഎമാരുടെ വീടുകൾ ആക്രമിച്ച് മെയ്തേയ് വിഭാഗക്കാർ. സമുദായത്തിലെ മൂന്ന് സ്ത്രീകളുടേയും എട്ട് മാസം പ്രായമുള്ള മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ഈ ആഴ്ച ബോറോബെക്ര പോലീസ് സ്റ്റേഷനിൽ കുക്കി കലാപകാരികൾ നടത്തിയ ആക്രമണത്തിന് ശേഷമാണ് സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്നത്. സ്റ്റേഷനിൽ സ്ഥാപിച്ച ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരായിരുന്നു ഇവർ. ഇവിടെ നിന്നും അന്നേ ദിവസം കാണാതായ രണ്ട് പുരുഷൻമാരുടെ മൃതദേഹം സമീപത്തെ വീടുകളിൽ നിന്നും കണ്ടെത്തിയിരുന്നു. ബോറോബെക്രയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ സിംഗ്, പൊതുവിതരണ മന്ത്രി എൽ സുശീന്ദ്രോ സിംഗ് എന്നിവരുടെ വീട്ടിലേക്കാണ് ജനങ്ങൾ ഇരച്ചു കയറി അക്രമം നടത്തിയത്. മൂന്ന് എംഎൽഎമാരുടെ വീടുകളും ആൾക്കൂട്ടം ആക്രമിച്ചു. മന്ത്രിമാരുടേയും നിയമസഭാംഗങ്ങളുടേയും വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയതോടെ വെസ്റ്റ് ഇംഫാലിൽ വൈകീട്ട് 4.30 മുതൽ കർഫ്യൂ ഏർപ്പെടുത്തി.
Also Read: മണിപ്പൂരിനെ കുറിച്ച് മിണ്ടരുത്; പ്രകോപിതനായി അമിത്ഷാ
ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ അധികൃതർ നിർത്തിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ മരുമകൻ കൂടിയായ ബിജെപി നിയമസഭാംഗം ആർകെ ഇമോയുടെ വസതിക്ക് മുന്നിലും പ്രതിഷേധക്കാർ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. സർക്കാരിൽ നിന്നും കൊല്ലപ്പെട്ടവര്‍ക്ക് നീതി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here