രണ്ടും നാലും വയസുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ ലൈംഗിക പീഡനം; കേസെടുക്കുന്നതില്‍ പോലീസിന് വീഴ്ച; പ്രതിഷേധം കനക്കുന്നു

മഹാരാഷ്ട്രയിലെ ബദ്ലാപുരിലുള്ള നഴ്‌സറി സ്‌കൂളിലെ നാലും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പോലീസ് വീഴ്ച ചൂണ്ടികാട്ടിയാണ് പ്രതിഷേധം കനക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സംഭവം മൂടിവക്കാന്‍ പോലീസ് ശ്രമിച്ചു, പരാതി നല്‍കാനെത്തിയ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി, സ്‌കൂള്‍ അധികൃതരെ സംരക്ഷിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. ബദ്ലാപുരില്‍ നാട്ടുകാര്‍ ട്രെയിന്‍ തടഞ്ഞും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ലാത്തിചാര്‍ജ് നടത്തി. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സ്‌കൂളിലെ ജീവനക്കാരനായ അക്ഷയ് ഷിന്‍ഡെയാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അതിക്രമം നടത്തിയത്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശുചിമുറിയില്‍ വച്ച് തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ചതായി കുട്ടികള്‍ വെളിപ്പെടുത്തി. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി. വൈദ്യപരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം മഹാരാഷ്ട്ര പോലീസിന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. പരാതി നല്‍കാനെത്തിയ കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. ഏറെനേരം സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയ ശേഷം സിസിടിവി ദൃശ്യങ്ങളുടെ അഭാവത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് സ്റ്റേഷന്‍ ഇന്‍ – ചാര്‍ജ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 12 മണിക്കൂര്‍ കഴിഞ്ഞാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിരവധി വീഴ്ചകളുണ്ടായെന്നും ആരോപണമുണ്ട്. പെണ്‍കുട്ടികളെ ശുചിമുറിയില്‍ കൊണ്ടുപോകുന്നതിന് വനിതാ ജീവനക്കാരില്ലെന്നും സ്‌കൂളിലെ പല സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഇതുവരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top