പ്രതിഷേധം ഇന്ത്യയുടെ മെഡലുകൾ ഇല്ലാതാക്കി; വിനേഷ് ഫോഗട്ടിനെതിരെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ

വിനേഷ് ഫോഗട്ടിനെയും മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെയും വിമർശിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷന്‍ (ഡബ്ല്യുഎഫ്ഐ) പ്രസിഡൻ്റ് സഞ്ജയ് സിംഗ്. ലൈംഗീകാരോപണം നേരിടുന്ന ബ്രിജ് ഭൂഷൻ്റെ വിശ്വസ്തനാണ് സഞ്ജയ് സിംഗ്. പാരീസ് ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യക്ക് കൂടുതൽ മെഡലുകൾ നേടാമായിരുന്നുവെന്നും കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന കായിക രംഗത്തെ അസ്വസ്ഥത കാരണം രാജ്യത്തിന് മെഡലുകൾ നഷ്ടമായി എന്നുമാണ് ദേശീയ ഗുസ്തി അധ്യക്ഷൻ്റെ ആരോപണം.

ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളി മെഡൽ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി മാറ്റിവച്ചതിന് പിന്നാലെയായിരുന്നു സഞ്ജയ് സിംഗിൻ്റെ പ്രതികരണം. “വിധി അനുകൂലമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിധി ഇന്ത്യക്ക് അനുകൂലമാകണമെന്ന് ഡബ്ല്യുഎഫ്ഐ ആഗ്രഹിക്കുന്നു. കാരണം ഇത് രാജ്യത്തിൻ്റെ മെഡലാണ്, ആരുടെയെങ്കിലും വ്യക്തിഗത മെഡലല്ല. അത് ഇന്ത്യയുടെ മെഡൽ പട്ടികയിൽ ചേർക്കും.”- ഡബ്ല്യുഎഫ്ഐ അധ്യക്ഷൻ പറഞ്ഞു.

ഭാരം നിലനിർത്തുന്നത് കായിക താരത്തിൻ്റെ ഉത്തരവാദിത്വമാണ്. വേഗത്തിൽ ശരീരഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും താരത്തിൻ്റെ ശരീരത്തെ ബാധിക്കും. ഹംഗറിയിലെ ഒരു വിദേശ പരിശീലകനെ ഉൾപ്പെടെ വിനേഷ് ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും നൽകിയിരുന്നതായും സഞ്ജയ് സിംഗ് പറഞ്ഞു. ലൈംഗിക പീഡനകേസിൽ ആരോപണ വിധേയനായ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെതിരെ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ തുടങ്ങിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്ത് വലിയ ചർച്ച ആയിരുന്നു. ബ്രിജ് ഭൂഷന് പുറമെ പരിശീലകരും പീഡിപ്പിച്ചതായി താരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക ചൂഷണം മാനസികപീഡനം, അവഹേളനം, വധഭീഷണി തുടങ്ങിയവചൂണ്ടിക്കാട്ടി ആയിരുന്നു ഗുസ്തിതാരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്, ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, കോമൺവെൽത്ത് താരം സുമിത് മാലിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇരുപതോളം പെൺകുട്ടികൾ വർഷങ്ങളോളം ചൂഷണത്തിനിരയായെന്ന് വിനേഷ് ഫോഗട്ട് സമരത്തിനിടയിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളി മെഡൽ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി വെള്ളിയാഴ്ച വിധി പറയും. വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത് തുടർന്ന് താരത്തിന് അയോഗ്യത കൽപ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു. അയോഗ്യതക്കെതിരെയും വെള്ളി മെഡൽ പങ്കിടണമെന്ന ആവശ്യമുന്നയിച്ച് വിനേഷും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top