കര്‍ഷകര്‍ക്ക് മരണക്കെണിയായി പിആര്‍എസ്; സപ്ലൈകോ ചതിച്ചാല്‍ സിബില്‍ സ്കോര്‍ വെള്ളത്തിലാകും; വായ്പ ബാങ്ക് മുടക്കും

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പാഡി രസീത് ഷീറ്റ് (പിആര്‍എസ്) എന്ന വായ്പാ സമ്പ്രദായം വില്ലനാണോ ഹീറോയാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കര്‍ഷകന്‍ നെല്ല് സിവില്‍ സപ്ലൈസിന് നല്‍കുമ്പോള്‍ ലഭിക്കുന്ന രസീതാണ് പിആര്‍എസ്. ഈ പിആര്‍എസ് ബാങ്കില്‍ നല്കുമ്പോഴാണ് കര്‍ഷകന് പണം ലഭിക്കുന്നത്. ഈ തുക അത് പേഴ്സണല്‍ ലോണ്‍ ആയാണ് ബാങ്ക് കണക്കാക്കുന്നത്. ബാങ്കിന് ഈ തുക സപ്ലൈകോ നല്‍കേണ്ടതാണ്. സര്‍ക്കാരിന് നേരിട്ട് പണം നല്കാനില്ലാത്തതിനാലാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

സപ്ലൈകോ പണം അടച്ചില്ലെങ്കില്‍ വായ്പയുടെ ബാധ്യത കര്‍ഷകന്‍റെ തലയില്‍ വരും. ഇങ്ങനെയായാല്‍ സിബില്‍ സ്കോര്‍ ഇടിയും. ഇത് കാരണമാണ് പ്രസാദിന് ബാങ്ക് വായ്പ നിഷേധിച്ചത്. സിബില്‍ സ്കോര്‍ കുറവായാല്‍ ഒരു വായ്പയും ലഭിക്കില്ല. അതുകൊണ്ട് തന്നെ പിആര്‍എസ് കര്‍ഷകര്‍ക്ക് മരണക്കെണിയാവുകയാണ്.

പ്രസാദിന്റെ പ്രശ്നത്തില്‍ സംഭവിച്ചത് അദ്ദേഹത്തിന് നെല്ലിന്റെ വില ലഭിച്ചു. പക്ഷെ പുതുതായി കൃഷിയ്ക്ക് ബാങ്ക് ലോണ്‍ അനുവദിച്ചില്ല. കാരണം സപ്ലൈകോ ബാങ്കിന് തുക നല്‍കാത്തത് കാരണം പിആര്‍എസ് കുടിശികയാണ്. സിബില്‍ സ്കോര്‍ ഇടിഞ്ഞു. ഇതില്‍ കുറ്റക്കാരന്‍ പ്രസാദല്ല. സര്‍ക്കാര്‍ തന്നെയാണ്. മൂന്ന് ഏക്കറില്‍ നെല്‍കൃഷി തുടങ്ങിയപ്പോള്‍ വളമിടാന്‍ പണത്തിന് പേഴ്സണല്‍ ലോണിനായാണ്‌ പ്രസാദ് ബാങ്കിലെത്തിയത്. സിബില്‍ സ്കോര്‍ പ്രശ്നം ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ നല്‍കിയില്ല. ഇതോടെയാണ് പ്രസാദ് മരണത്തില്‍ അഭയം തേടിയത്.

കൃഷി ചെയ്ത നെല്ല് സപ്ലൈകോ സ്വീകരിച്ചിട്ടും പണം ലഭിക്കാത്ത അവസ്ഥയാണ് കൃഷിക്കാരെ തുറിച്ച് നോക്കുന്നത്. സര്‍ക്കാരിനു കൈമാറിയ നെല്ലിന് വായ്പ എടുക്കേണ്ടി വരുന്ന അവസ്ഥ രാജ്യത്ത് കേരളത്തില്‍ മാത്രമാണ്. കേന്ദ്രവും സര്‍ക്കാരും തമ്മില്‍ സംയുക്തമായി നല്‍കുന്ന പണമാണ് കര്‍ഷകര്‍ക്ക് കൈമാറുന്നത്. കർഷക‌ർക്ക് നൽകുന്ന മിനിമം താങ്ങുവിലയിൽ 20.60 രൂപ കേന്ദ്ര സർക്കാരും 7.80 രൂപ സംസ്ഥാന സർക്കാരും പങ്കുവെച്ചാണ് നെല്ല് സംഭരണം നടത്തുന്നത്.

ഒന്നുകില്‍ കേന്ദ്രം അനുവദിക്കുന്ന തുക വൈകും. അല്ലെങ്കില്‍ സംസ്ഥാനം തുക കൈമാറുന്നത് വൈകും. ഇതില്‍ ഏത് സംഭവിച്ചാലും കര്‍ഷകനാണ് തിരിച്ചടി വരുന്നത്. നിലവില്‍ 2,500 കോടിയോളം രൂപ ബാങ്ക് കൺസോർഷ്യത്തിന് സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് റിപ്പോർട്ട്. പിആര്‍എസ് മുഖേന കര്‍ഷകര്‍ക്ക് നല്‍കുന്ന പണത്തിന് സര്‍ക്കാരാണ് ഗ്യാരണ്ടി.

”പിആര്‍എസ്’ തുക സപ്ലൈകോ തിരിച്ചടക്കും എന്നുള്ളത് ഒരുറപ്പ് മാത്രമാണ്. ഇതൊരു കുരുക്കാണ്‌. കര്‍ഷകര്‍ ഈ കുരുക്ക് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് ”കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. വ്യക്തിഗത വായ്പയുടെ ബാധ്യത വരുന്നത് അത് എടുക്കുന്നയാള്‍ക്ക് മാത്രമാണ്. വിചിത്രമായ രീതിയാണ് പിആര്‍എസ് ലോണ്‍. സിബില്‍ സ്കോര്‍ കുറവായാല്‍ കര്‍ഷകന് വേറെ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നൊന്നും വായ്പ ലഭിക്കില്ല. നെല്ല് നല്‍കിക്കഴിഞ്ഞാലുടനെ കര്‍ഷകര്‍ക്ക് പണം ലഭിക്കണം. അതാണ്‌ കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഈ കാര്യത്തില്‍ ഞങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്- വിജയന്‍ പറഞ്ഞു.

”നെല്ലിന്റെ പണം കേന്ദ്രം നല്‍കുന്നുണ്ട്. ഒരു വിഹിതം സംസ്ഥാനവും നല്‍കുന്നു. കേന്ദ്രവിഹിതം ലഭിച്ചാല്‍ നെല്ലിന്റെ വില നല്‍കാന്‍ സര്‍ക്കാര്‍ വൈകുന്നതെന്തുകൊണ്ടാണ്? കേരളത്തിലെ നെല്‍ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സപ്ലൈകോയ്ക്ക് നല്‍കിയ നെല്ലിനു ലഭിക്കേണ്ട തുക വായ്പയായി കര്‍ഷകന് എടുക്കേണ്ടി വരുന്നത് വിചിത്രമായ മെക്കാനിസമാണ്. അതാണ്‌ കേരളത്തില്‍ നടക്കുന്നത്”- കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നെല്ല് കൈമാറുമ്പോള്‍ പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സപ്ലൈകോയില്‍ എന്ത് നടക്കുന്നു എന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഷാജി രാഘവന്‍ ആവശ്യപ്പെട്ടു. .

എന്നാല്‍ കര്‍ഷകന്റെ ആത്മഹത്യ ബാങ്കും കര്‍ഷകനും കൂടിയുള്ള പ്രശ്നമായാണ് സിപിഎമ്മിന്റെ കര്‍ഷക സംഘം കാണുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകന് പണം ലഭിച്ചിട്ടുണ്ട്. പിആര്‍എസ് വഴി നെല്‍ തുക അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് നെല്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ പണം നല്‍കുന്നത്. വിവാദം കൃഷിക്കാരോടുള്ള സ്നേഹമല്ലെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

നെല്ല് സപ്ലൈകോയ്ക്ക് നല്‍കുമ്പോള്‍ ഒരാഴ്ചയ്ക്കുള്ളിലെങ്കിലും തുക കര്‍ഷകര്‍ക്ക് കൈമാറണമെന്ന ആവശ്യമാണ് കുട്ടനാട്ടെ കര്‍ഷകന്റെ മരണത്തെ തുടര്‍ന്ന് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top