കോൺഗ്രസ് വിട്ടുവന്ന പി.എസ്. പ്രശാന്ത് ദേവസ്വം പ്രസിഡന്റാകും; വൻ പാരകൾ ഉണ്ടായില്ലെങ്കിൽ പ്രഖ്യാപനം ഉടൻ

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: സിപിഎമ്മിൽ ചേർന്ന കെപിസിസി മുൻ സെക്രട്ടറി പി.എസ്.പ്രശാന്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം നൽകാൻ ധാരണ. സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ നാടകീയമായാണ് പ്രശാന്തിൻ്റെ പേര് ഉയർന്നത്. ആനാവൂർ നാഗപ്പനാണ് പ്രശാന്തിൻ്റെ പേര് അവതരിപ്പിച്ചത്.

രണ്ടു വർഷത്തേക്കാണ് കാലാവധി. ദേവസ്വം പ്രസിഡൻ്റ് കെ.അനന്തഗോപൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ എം.രാജഗോപാലൻ നായർ, മുൻ എംപി എ സമ്പത്ത് എന്നീ പേരുകളും സിപിഎം പരിഗണിച്ചു. ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന രാജഗോപാലനെ വീണ്ടും ആക്കണമെങ്കിൽ ദേവസ്വം ആക്ടിൽ മാറ്റം വരുത്തണം. മാത്രമല്ല നിലവിലെ പ്രസിഡൻ്റ്‌ കെ.അനന്തഗോപനെ ഒരിക്കൽ കൂടി പരിഗണിച്ചില്ല എന്ന പരാതിയും ഉയരും. അത്തരം പരാതികൾക്ക് ഇടം നൽകേണ്ടതില്ല എന്ന നിലപാടിലേക്ക് ഒടുവിൽ പാർട്ടി എത്തിച്ചേർന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നെടുമങ്ങാട് നിന്ന് മത്സരിച്ച് തോറ്റ പ്രശാന്ത്, ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന് പരാതി ഉയർത്തിയിരുന്നു. തുടർന്ന് സസ്പെൻഷൻ ആയി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തായി. സിപിഎമ്മിൽ ചേർന്ന പ്രശാന്തിനെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചു. തുടർന്നാണ് ഇപ്പോൾ സുപ്രധാന പദവി നൽകുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രവർത്തിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎമ്മാണെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം അടുത്തയിടെ മാത്രം പാർട്ടിയിൽ എത്തിയ ഒരാൾക്ക് ഇത്ര പ്രധാന പദവി നൽകുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന ചിന്ത സിപിഎം ഉന്നത നേതൃത്വത്തിൽ ഉണ്ട്. അത് പരിഗണിച്ച് എന്തെങ്കിലും തിരുത്തലുകൾക്ക് ഉള്ള സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. സെക്രട്ടേറിയറ്റിൽ ധാരണ ഉണ്ടായ വിഷയത്തിൽ അത്തരം മാറ്റങ്ങൾക്കുള്ള സാധ്യത വിരളവുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top