പിഎസ്‍സി ആൾമാറാട്ടക്കേസ് പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി; അമൽജിതും അഖിൽജിതും റിമാൻഡിൽ
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമിച്ച പ്രതികൾ രണ്ടുപേർ കോടതിയിൽ കീഴടങ്ങി. സഹോദരങ്ങളായ അമൽജിത്, അഖിൽജിത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. അമൽജിതിന് വേണ്ടി സഹോദരൻ അഖിൽജിതാണ് പരീക്ഷ എഴുതാൻ എത്തിയത്. ബയോമെട്രിക് പരിശോധനയിൽ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഇയാൾ പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
കേരള സർവ്വകലാശാലാ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഉള്ള പിഎസ്‌സി പരീക്ഷ ബുധനാഴ്ച പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ നടക്കുമ്പോഴായിരുന്നു സംഭവം. പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്ക് എത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്ന് രക്ഷപെട്ടത്. മതിൽ ചാടിയോടിയ ആളെ ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനം അമൽജിതിൻ്റെ ആണെന്ന് തിരിച്ചറിഞ്ഞു. അമൽജിതിന്‍റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയപ്പോഴാണ് സഹോദരൻ അഖിൽജിതും ഒളിവിൽ പോയെന്ന് മനസ്സിലായത്.
ഇരുവരും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽജിത് നേരത്തെ പൊലീസ്, ഫയർഫോഴ്സ് പരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ഇരുവരെയും അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് അപേക്ഷ നൽകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here