പിഎസ്‌സി അംഗത്വത്തിന് മന്ത്രിയുടെ പേരില്‍ വാങ്ങിയത് 22 ലക്ഷം; അന്വേഷിക്കണമെന്ന് മന്ത്രി റിയാസ്
പിഎസ്‌സി അംഗമാക്കാം എന്ന് വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയ പ്രശ്നം കോഴിക്കോട് സിപിഎമ്മില്‍ പുകയുന്നു. കോഴിക്കോട്ടെ യുവനേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് പണം വാങ്ങിയത് എന്നാണ് പാര്‍ട്ടിക്ക് ലഭിച്ച പരാതി. കോഴിക്കോട് പാര്‍ട്ടി ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് ആരോപണവിധേയന്‍.
ആരോഗ്യമേഖലയിലെ ഒരാളില്‍ നിന്നാണ് പണം വാങ്ങിയത്. തന്റെ പേരില്‍ വിവാദം ഉയര്‍ന്നതോടെ കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. സിഐടിയു ജില്ലാ നേതാവിന്റെ കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
60 ലക്ഷം രൂപയാണ് പിഎസ്‌സി അംഗത്വത്തിന് ആവശ്യപ്പെട്ടത്. 22 ലക്ഷം ആദ്യഗഡുവായി നേതാവ് കൈപ്പറ്റി. പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ വ്യക്തി ഉള്‍പ്പെട്ടില്ല. ആയുഷിൽ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല. ഇതോടെയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ശബ്ദസന്ദേശം ഉള്‍പ്പെടെയാണ് പരാതിക്ക് ഒപ്പം നല്‍കിയത്.
പാര്‍ട്ടി ബന്ധമുള്ള ആളാണ് പരാതിക്കാരന്‍ എന്നതിനാല്‍ ഗൗരവകരമായാണ് പരാതി പരിഗണിക്കുന്നത്. എന്നാല്‍ പരാതി പോലീസിലേക്ക് നീങ്ങാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. പരാതി പരിഹരിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here