പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളിക്ക് എതിരെ നടപടിക്ക് ശുപാര്‍ശ; തീരുമാനം സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍

പിഎസ്‌സി കോഴ വിവാദത്തില്‍ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിക്ക് ശുപാർശ. സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രമോദിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി.

സിഐടിയു നേതാവായ പ്രമോദ് കോട്ടൂളി പിഎസ്‌സി അംഗമാക്കാം എന്ന് പറഞ്ഞ് 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടർമാരായ ദമ്പതിമാർ പരാതി നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. റിയാസിന്റെ അയൽക്കാരന്‍ കൂടിയാണ് പ്രമോദ് കോട്ടൂളി.

മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രമോദ് പറഞ്ഞതായി പരാതിയിലുണ്ട്. എന്നാല്‍ പരാതി പോലീസിലേക്ക് നീങ്ങിയിട്ടില്ല. പരാതി കൊടുക്കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതാണ് പോലീസിന് പ്രശ്നം സൃഷ്ടിക്കുന്നത്. പണം നല്‍കിയിട്ടും പിഎസ്‍സി ലിസ്റ്റിൽ ഡോക്ടര്‍ ഉൾപ്പെടാത്തതാണ് പരാതി പുറത്തെത്താന്‍ കാരണം.

ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അതും നടന്നില്ല. ഇതോടെ പരാതിക്കാര്‍ പാര്‍ട്ടിയെ സമീപിക്കുകയായിരുന്നു. വിവാദം സിപിഎം സംസ്ഥാന നേതൃത്വം ഗൗരവകരമായാണ് കാണുന്നത്. പിഎസ്‌സി കോഴ ആരോപണത്തിൽ പാര്‍ട്ടി നടപടി വരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top