ആര്‍എസ്എസ് ബന്ധം സതീശനെന്ന് ആരോപിച്ച് രക്ഷപ്പെടാന്‍ സിപിഎം; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവും

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം സ്ഥിരീകരിച്ചതോടെ പ്രതിരോധത്തിന് വഴിതേടി സിപിഎം. ആര്‍എസ്എസുമായി ബന്ധം പ്രതിപക്ഷ നേതാവിനാണെന്ന് ആരോപിച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമം. ഇക്കാര്യം ആദ്യം പറഞ്ഞത് മന്ത്രി എംബി രാജേഷായിരുന്നു. സിപിഎം നേതാക്കളാരും ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ കുനിഞ്ഞ് തൊഴുത് കുമ്പിട്ട് നിന്നിട്ടില്ല. അത്തരത്തില്‍ നിന്നവരാണ് ഇപ്പോള്‍ ന്യായം പറയുന്നതെന്നും സതീശനെ ലക്ഷ്യമിട്ട് മന്ത്രി പറഞ്ഞു.

അടുത്ത ഊഴം പിവി അന്‍വര്‍ എംഎല്‍എയുടേതായിരുന്നു. എഡിജിപി എംആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്ന് അന്‍വര്‍ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശന്‍ അടിയന്തരമായി ഇക്കാര്യം ഉന്നയിച്ചതെന്നും അന്‍വര്‍ പറഞ്ഞു. പുനര്‍ജനി കേസിലെ ഇഡി അന്വേഷണം ഒഴിവാക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. എഡിജിപിക്ക് ആര്‍എസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. പുനര്‍ജനി കേസില്‍ അന്വേഷണം നടത്താന്‍ സതീശന്‍ ഇഡിക്ക് എഴുതി കൊടുക്കണമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

സിപിഎമ്മിന്റെ ഈ നീക്കത്തിനെതിരെ കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കി സതീശനും രംഗത്തെത്തി. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ നിര്‍ത്തി തന്നെയായിരുന്നു സതീശന്റെ ഇന്നത്തെ നീക്കവും. സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന കൊട്ടാരവിപ്ലവമാണെന്നും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘമാണെന്നും സതീശന്‍ ആരോപിച്ചു. ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍കൂടിയുണ്ട്. വൈകാതെ ആ പേര് പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു റോളുമില്ല. എല്ലാം ഉപജാപക സംഘമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനത്തില്‍ തുടരുന്നതെന്നും സതീശന്‍ പറഞ്ഞു.

പുനര്‍ജനി കേസില്‍ ഇ.ഡി.അന്വേഷണം നടക്കുന്നുണ്ട്. തനിക്ക് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയെന്ന് അന്‍വര്‍ പറയുന്നത് പിണറായി വിജയനെ വീണ്ടും അപമാനിക്കാന്‍ വേണ്ടിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ആളെ എനിക്കുവേണ്ടി വിട്ടെങ്കില്‍ പിണറായിക്ക് ഇരിക്കുന്ന കസേരയില്‍ ഒരു കാര്യവുമില്ലെന്നാണ് അന്‍വര്‍ പറഞ്ഞതിന്റെ അര്‍ഥമെന്നും സതീശന്‍ പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top