‘മണിച്ചിത്രത്താഴ്’ തുറന്ന കൂട്ടുകെട്ട് ഒന്നിക്കുന്നു; ഫാസിൽ സംവിധായകത്തൊപ്പി അണിയുന്നു; ഫഹദ് പ്രധാന വേഷമിട്ടേക്കും

സോന ജോസഫ്‌

ഫാസിലിനെ പോലൊരു സംവിധായകന്‍റെ തിരിച്ചു വരവ് ആഗ്രഹിക്കാത്ത മലയാളികളില്ല. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന മണിച്ചിത്രത്താഴ് പോലുള്ള സിനിമകള്‍ക്ക് ജന്മം നല്‍കിയ സംവിധായകന്‍, ഇപ്പോള്‍ പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ സംവിധായകന്റെ തൊപ്പിയണിയുന്നത്. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഗാനങ്ങളുമൊക്കെ ഒരുക്കി മണിച്ചിത്രത്താഴിന്റെ ജീവത്മാവായി മാറിയ മധു മുട്ടത്തിന്റെ മടങ്ങി വരവ് കൂടിയായിരിക്കും ഈ സിനിമ. ആലപ്പുഴയിലെ പതിവ് സങ്കേതത്തിൽ ഇരുവരും ചേർന്നുള്ള തിരക്കഥാ ചർച്ചകൾ ഏറെക്കുറെ പൂർത്തിയാക്കി, മധു മുട്ടം എഴുത്ത് തുടങ്ങിക്കഴിഞ്ഞു. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുമെന്നും സൂചനയുണ്ട്.

‘ഒരു ഫാസില്‍ ചിത്രം’- കഴിഞ്ഞ ദിവസം നസ്റിയ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുടുംബചിത്രം

സിനിമയോടുള്ള പാഷന്‍ പ്രായത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും തിരിച്ചുവരവ് തെളിയിക്കുന്നത്. പുതിയ സിനിമയെക്കുറിച്ച് നിലവില്‍ ഒന്നും പറയാനായിട്ടില്ലെന്ന് ഫാസില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ‘ലിവിംഗ് ടുഗതര്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഫഹദിന്‍റെ ‘മലയന്‍കുഞ്ഞിലൂടെ’ ഫാസില്‍ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ‘മരക്കാറിലെ’ കുട്ടി അലി മരക്കാര്‍ ആയും ‘ലുസിഫറിലെ’ ഫാദര്‍ നെടുമ്പള്ളിയായും ഫാസില്‍ നടനെന്ന നിലയിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

എണ്‍പതുകളിലെ കച്ചവട സിനിമയുടെ പരമ്പരാഗത സമവാക്യങ്ങൾ പൊളിച്ചെഴുതിക്കൊണ്ടാണ് ഫാസിലിൻ്റെ സിനിമയിലെ അരങ്ങേറ്റം. മലയാളത്തിലെ വെള്ളിത്തിരയ്ക്ക് നവസിനിമയുടെ വസന്തകാലം സമ്മാനിച്ച ചിത്രങ്ങളായിരുന്നു അദ്ദേഹത്തിൻ്റേത്. മോഹൻലാലെന്ന നടന വിസ്മയത്തെ ആദ്യമായി അവതരിപ്പിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി, എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്‍റെ സൂര്യപുത്രിക്ക്, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ്, പപ്പയുടെ സ്വന്തം അപ്പൂസ് എന്നിങ്ങനെ സൂപ്പർ മെഗാ ഹിറ്റ്‌ ചിത്രങ്ങളിലൂടെ അദ്ദേഹത്തിൻ്റെ സംവിധായകമികവിൽ പുറത്തുവന്നു. ഫഹദ് ഫാസില്‍ എന്ന ‘ഇന്‍ ബോണ്‍’ ആക്ടറിനെ തിരിച്ചറിഞ്ഞതും കുഞ്ചാക്കോ ബോബന്‍, ബേബി ശാലിനി, ബാബു ആന്റണി, നാദിയ മൊയ്തു തുടങ്ങിയവര്‍ക്ക് അഭിനയലോകം തുറന്നുകാട്ടിയതും ഫാസിൽ തന്നെ.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കേരളീയം പരിപാടിയിൽ മണിച്ചിത്രത്താഴിന് വീണ്ടും ലഭിച്ച സ്വീകാര്യത, നീണ്ട 30 വർഷത്തിനിപ്പുറവും ഫാസിൽ – മധു മുട്ടം കൂട്ടുകെട്ടിനെ പ്രേക്ഷകർ നെഞ്ചേറ്റുന്നു എന്നതിന് തെളിവായി. ഒരു ഷോ മാത്രം തീരുമാനിച്ച മണിച്ചിത്രത്താഴ് ജനത്തിരക്ക് കാരണം മൂന്ന് പ്രദർശനങ്ങൾ വേണ്ടിവന്നു. യാദൃഛികമെങ്കിലും ഇതിന് തൊട്ടുപിന്നാലെ തന്നെയായി അദ്ദേഹത്തിൻ്റെ പുതിയ സിനിമയുടെ വിവരം പുറത്തുവരുന്നതും.

തിരുവനന്തപുരത്ത് നടന്ന ‘കേരളീയം’ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴ് സിനിമ കാണാന്‍ എത്തിയവര്‍ സീറ്റ് ഇല്ലാത്തതിനാല്‍ നിലത്തിരുന്ന് കാണുന്നു
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top