പൂജ ഖേദ്കറെ ഐഎഎസില്‍ നിന്നും പുറത്താക്കി ഉത്തരവിറങ്ങി; നടപടി വ്യാജരേഖ ചമച്ചതിന്റെ പേരില്‍

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം നേരിട്ട പൂജ ഖേദ്‌കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പുറത്താക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകൾ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൂജയെ പുറത്താക്കിയത്. 2023 ബാച്ചിലെ മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് പ്രൊബേഷന്‍ ഓഫിസറായിരുന്നു പൂജ.

സിവിൽ സർവീസസ് ചട്ടങ്ങള്‍ പൂജ ലംഘിച്ചുവെന്ന് യുപിഎസ്‌സി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. യുപിഎസ്‌സി പരീക്ഷകളില്‍ എഴുതുന്നതില്‍ ജീവിതകാലം മുഴുവന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര പഴ്സനൽ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയതിനെ തുടര്‍ന്നാണ് യുപിഎസ്‌സി പൂജയുടെ ഐഎഎസ് സെലക്ഷൻ റദ്ദാക്കിയത്.

1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് പൂജയെ സർവീസിൽനിന്ന് പുറത്താക്കാക്കിയത്. ഐഎഎസ് പ്രൊബേഷനില്‍ തുടരുന്ന ഒരു ഓഫിസർ യോഗ്യരല്ലെന്ന് ബോധ്യപ്പെട്ടാൽ അവരെ പുറത്താക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് 12-ാം റൂൾ. പുണെയിൽ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിന് പിന്നാലെയാണ് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് ഡല്‍ഹി പോലീസ് പൂജക്ക്‌ എതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്. പൂജ കമ്മിഷനെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെയും കബളിപ്പിച്ചുവെന്നാരോപിച്ച് മുൻകൂർ ജാമ്യാപേക്ഷയെ യുപിഎസ്‌സിയും ഡൽഹി പോലീസും എതിർത്തിരുന്നു. അധികാര ദുർവിനിയോഗം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പൂജയെ പുണെയിൽ നിന്ന് വാഷിമിലേക്ക് മാറ്റിയിരുന്നു. സ്വകാര്യ ഓഡി സെഡാനിൽ ചുവന്ന ബീക്കണ്‍ ലൈറ്റുകളും സർക്കാർ ബോര്‍ഡും ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.

ജൂൺ 3ന് ട്രെയിനിയായി ഡ്യൂട്ടിയിൽ ചേരുന്നതിന് മുമ്പ് തന്നെ പ്രത്യേക കാബിൻ, കാർ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സ്, ഒരു പ്യൂൺ എന്നിവ പൂജ ആവശ്യപ്പെട്ടിരുന്നതായി പുണെ കളക്ടർ സുഹാസ് ദിവാസ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top