രാജ്യാന്തര ബ്രാൻഡ് PUMA പേരു മാറ്റിയോ? അന്തംവിട്ട പരസ്യ തന്ത്രത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി കമ്പനി
പൂമ റീബ്രാൻഡ് ചെയ്തോ? കഴിഞ്ഞയാഴ്ച പലരുടെയും സംശയം ഇതായിരുന്നു. പരസ്യ ബോർഡുകളിലും മറ്റെല്ലായിടത്തും PUMA എന്ന ചിരപരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്.
ഇത് സംബന്ധിച്ച ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി, ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്ന് ആയപ്പോൾ കമ്പനി ആ സത്യം വെളിപ്പെടുത്തി. പേരോ ലോഗോയോ ഒന്നും മാറ്റിയിട്ടില്ല. തൽക്കാലത്തേക്ക് ഒരു പരസ്യ തന്ത്രം സ്വീകരിച്ചതാണ്.
രണ്ട് ഒളിമ്പിക് മെഡൽ ജേതാവ് ബാഡ്മിൻ്റൺ താരം പി വി സിന്ധുവിനെ ബ്രാൻഡ് അബാസഡറാക്കാൻ കരാർ വച്ചിരിക്കുന്നു. താരത്തോടുള്ള ആദരസൂചകമായി ആണ് പേരിലെ PU മാറ്റി PV ആക്കിയത്. സ്പോർട്സ് ബ്രാൻഡിനെ അടുത്തറിയുന്നവർ അന്തംവിട്ടു.
താരത്തെ ഉൾപ്പെടുത്തി പരസ്യം ചെയ്താലോ, അവരെ കൂടി കമ്പനി അധികൃതർ ഒരു വാർത്താസമ്മേളനം നടത്തി വിവരം അനൗൺസ് ചെയ്താലോ കിട്ടാത്ത പബ്ലിസിറ്റി ഈ വഴിക്ക് കിട്ടി എന്നതാണ് കമ്പനിയെ സംബന്ധിച്ച് ഇക്കാര്യത്തിലുള്ള ലാഭം.
പുതിയ സോഷ്യൽ മീഡിയ യുഗത്തിൽ ഇത്തരം പരസ്യങ്ങൾക്ക് തന്നെയാണ് മാർക്കറ്റ് എന്ന കാര്യം ഒരിക്കൽ കൂടി ഓർക്കാൻ മാധ്യമങ്ങൾക്കും പരസ്യ ഏജൻസികൾക്കും ഒരവസരം കൂടിയായി ഇത്. എന്നാല് ആരുടെ ബുദ്ധിയാണ് ഇതെന്ന കാര്യം പക്ഷേ കമ്പനി പുറത്തുവിട്ടിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here