സര്‍ക്കാര്‍ അനാസ്ഥ: പുനലൂരില്‍ ഒന്‍പതാം ക്ലാസുകാരനും അമ്മയും വഴിയാധാരം

സർക്കാർ വകുപ്പുകളുടെ അനാസ്ഥയ്ക്കും അവഗണനയ്ക്കും വീണ്ടുമൊരു രക്തസാക്ഷി കൂടി. 80 വർഷത്തോളം കിടപ്പാടം ആയിരുന്ന ഭൂമിക്ക് പട്ടയം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് പുനലൂരിലെ ഓട്ടോ ഡ്രൈവർ വിനോദ് തോമസ് ജീവനൊടുക്കിയതെന്ന് കുടുംബം മാധ്യമ സിൻഡിക്കറ്റിനോടു വെളിപ്പെടുത്തി. ഭൂമിയുടെ അതിരുകൾ തെറ്റിച്ച് രേഖപെടുത്തി പോലും ഉദ്യോഗസ്ഥർ ഉപദ്രവിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് വിനോദ് തൂങ്ങിമരിച്ചത്. പുറമ്പോക്കിനോട് ചേർന്ന് കിടക്കുന്ന 25 ൽ അഞ്ചു സെൻ്റ് ഭൂമിക്ക് എങ്കിലും പട്ടയം കിട്ടാനായിരിയുന്നു ഇക്കഴിഞ്ഞ വർഷമെല്ലാം വിനോദിൻ്റെ ഓട്ടം.

പകലന്തിയോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങും. രാത്രിയാണ് ഓട്ടോറിക്ഷ ഓടുന്നത്. അർഹത ഉണ്ടെന്ന് നല്ലവരായ ഉദ്യോഗസ്ഥർ ഉറപ്പ് പറഞ്ഞത് കൊണ്ടാണ് ഇങ്ങനെയെല്ലാം ശ്രമിച്ചത്. ഒരു തവണ കിട്ടിയെന്ന് ഉറപ്പായ ശേഷം വീണ്ടും എല്ലാം തകിടം മറിഞ്ഞു. ഇത് കടുത്ത നിരാശയായി. ഇനി ഓടിത്തീർക്കാൻ ജീവിതം ബാക്കിയില്ലെന്ന് തന്നെ അന്ന് വിനോദ് പറഞ്ഞു. പട്ടയത്തിനായുള്ള ഓട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിനോദിന്റെ പിതാവിന്റെ കാലം മുതലുള്ള ശ്രമമായിരുന്നു. പട്ടയം ഇല്ലാത്തതിനാൽ. 1943ൽ പണിത വീടിന് അറ്റകുറ്റ പണിക്ക് പോലും ഒരു ആനുകൂല്യവും കിട്ടിയില്ല.

തുടർച്ചയായി നാലഞ്ചു വർഷമായി പട്ടയം കിട്ടാനുള്ള ഓട്ടത്തിലായിരുന്നു വിനോദ്. മരിക്കുന്നതിനു നാലു മാസം മുൻപ്, പട്ടയത്തിനുള്ളത് എല്ലാം ശരിയായെന്ന സന്തോഷത്തിലായിരുന്നു, പക്ഷെ ആ ദിനങ്ങൾക്ക് വളരെ ചുരുങ്ങിയ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കയറിയിറങ്ങിയ കാലങ്ങൾക്ക് യാതൊരു ഫലവും ലഭിച്ചില്ലെന്ന കടുത്ത നിരാശ വല്ലാതെ അലട്ടിയിരുന്നു. നൽകാൻ ഇനി രേഖകൾ ബാക്കിയില്ലെന്നും ഭാര്യ ജോബി പറഞ്ഞു. ഈ നിരാശ അടുത്ത സുഹൃത്തിനോടും വെളിപ്പെടുത്തിയ ശേഷമാണ് വിനോദ് മരിക്കുന്നത്. ഓട്ടം കഴിഞ്ഞ് പുലർച്ചെ വീട്ടിൽ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിനടുത്ത കുരിശടിയിൽ മൃതദേഹം കണ്ടെത്തിയത്.

Logo
X
Top