പുണെ അപകടത്തിലെ പ്രതിയായ കൗമാരക്കാരനെ മോചിപ്പിച്ചു; കുട്ടിയായി പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി

ആഡംബര കാറിടിച്ച് പുണെയില്‍ യുവ ഐടി എഞ്ചിനീയര്‍മാര്‍ മരിച്ച കേസിലെ പ്രതിയായ പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയയ്ക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. പ്രതിക്ക് 18 വയസ്സിൽ താഴെയായതിനാല്‍ കുട്ടിയായി കണക്കാക്കാമെന്നു വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

രണ്ടുപേർ മരിച്ച സംഭവത്തിൽ കുട്ടിക്കുണ്ടായതു വലിയ മാനസികാഘാതമാണ്. കുറ്റകൃത്യത്തിന്‍റെ ഗൗരവം വലുതായിരിക്കാം. പക്ഷേ, കുട്ടികളെ മുതിർന്നവരുമായി താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കുട്ടിയെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ബാലവകാശ നിയമം (2005) ന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ ബന്ധു നൽകിയ ഹേബിയസ് കോർപസ് ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതി നടപടി.

മേയ് 19നാണ് സംഭവങ്ങളുടെ തുടക്കം. പബ്ബിൽ നിന്നു മദ്യപിച്ച പതിനേഴുകാരൻ സുഹൃത്തുക്കളുമൊത്ത് ആഡംബര കാറിൽ അമിതവേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ട് യുവ ഐടി എഞ്ചിനീയര്‍മാരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലാവുകയും കുട്ടിയുടെ കുടുംബം ഒന്നടങ്കം ജയിലിലാവുകയും ചെയ്ത കേസ് കൂടിയാണിത്.

കാറിന്റെ ഡ്രൈവറോട് കുറ്റം ഏറ്റെടുക്കാന്‍ പറഞ്ഞത് വെളിയില്‍ വന്നതോടെയാണ് കുട്ടിയുടെ മുത്തച്ഛനും അച്ഛനും ജയിലിലായത്. കുട്ടിയുടെ രക്തസാമ്പിളിന് പകരം സ്വന്തം രക്തസാമ്പിള്‍ വെച്ചതിനാണ് അമ്മ അറസ്റ്റിലായത്. ഇതിന് കൂട്ട് നിന്നതോടെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരും അറസ്റ്റിലായത്.

കേസില്‍ പതിനേഴുകാരനെ പ്രതി ചേർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അപകടം നടന്ന് 15 മണിക്കൂറിനുള്ളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്കു ജാമ്യം നൽകിയിരുന്നു. റോഡ് അപകടങ്ങളെ കുറിച്ച് 300 വാക്കിൽ ഉപന്യാസം എഴുതുക, മദ്യപാന ശീലം അകറ്റാൻ കൗൺസിലിങ്ങിൽ പങ്കെടുക്കുക, ട്രാഫിക് പൊലീസിനൊപ്പം സമൂഹ്യസേവനം ചെയ്യുക എന്നീ ഉപാധികൾ വച്ചായിരുന്നു ജാമ്യം. ഇതിൽ പ്രതിഷേധം ഉയര്‍ത്തിയതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കുകയും വീണ്ടും സർക്കാർ ഒബ്സർവേഷൻ ഹോമിലേക്കു മാറ്റുകയുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top