ജ്വല്ലറി കവർച്ചക്ക് പെപ്പർസ്പ്രേയും തോക്കും; രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൂണെ സിറ്റി പോലീസ്
സിനിമാ സ്റ്റെലിൽ പെപ്പർസ്പ്രേയും തോക്കും ഉപയോഗിച്ച് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങള്‍ കവർന്ന യുവാക്കളുടെ രേഖാചിത്രങ്ങൾ പൂണെ സിറ്റി പോലീസ് പുറത്തുവിട്ടു. ഡിസംബർ എട്ടിന് രാത്രിയിൽ ബിടി കവാഡെ റോഡിലുള്ള അരിഹന്ത് ജ്വല്ലറിയിലായിരുന്നു മോഷണം നടന്നത്. കടയുടമായ വാൽചന്ദ് അചൽദാസ്ജി ഓസ്വാളിനെ (77) തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കണ്ണിൽ കുരുമുളക് സ്പ്രേയടിച്ചാണ് സ്വർണം കവർച്ച ചെയ്തത്.
ഓസ്വാളിൻ്റെ മകൻ ചായകുടിക്കാൻ പോയപ്പോഴാണ് മോഷ്ടാക്കൾ എത്തിയത്. മുഖംമൂടി ധരിച്ച രണ്ട് പേർ കടയിലേക്ക് അതിക്രമിച്ച് കടന്ന് ഷട്ടർ താഴ്ത്തി 2.45 ലക്ഷം രൂപ വിലമതിക്കുന്ന 35 ഗ്രാം സ്വർണാഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. ഓസ്വാളിൻ്റെ നിലവിളി കേട്ട് സമീപത്തുള്ള കടയുടമകളും ജീവനക്കാരും ഷട്ടർ തുറന്ന് ജ്വല്ലറിയിൽ എത്തിയെങ്കിലും പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെയും ഓസ്വാൾ നൽകിയ വിവരണത്തിൻ്റെയും അടിസ്ഥാനത്തിലാണ് പോലീസ് രണ്ട് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കിയത്. ഏകദേശം 25 വയസ്സ് പ്രായമുള്ളവരാണ് പ്രതികളെന്നാണ് പോലീസിൻ്റെ നിഗമനം. ബിടി കവാഡെ റോഡിൽ ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ ജ്വല്ലറി മോഷണമാണിത്. മുമ്പ് ഹദാപ്‌സറിലെ സയ്യിദ് നഗറിന് സമീപം ഒരു ജ്വല്ലറിയിൽ തോക്ക് ചൂണ്ടി സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടാൻ ഇതുവരെയും പോലീസിനായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here