‘ന്നാ, താൻ വിധി എഴുതിപഠിക്ക്’ !! നേരാംവണ്ണം വിധി എഴുതാനറിയാത്ത ജില്ലാ ജഡ്ജിയെ ട്രെയിനിംഗിന് വിട്ടു

എട്ടുംപൊട്ടും തിരിച്ചറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി. വിധിന്യായം വൃത്തിയായി എഴുതാൻ പോലും അറിയാത്ത ജഡ്ജി ഏമാൻ എല്ലാം ഒന്നുകൂടി പഠിച്ചു വന്നിട്ട് പണി ചെയ്താൽ മതിയെന്ന് ഉയർന്ന നീതിപീഠത്തിന് പറയേണ്ടി വന്നു. സംഭവം ഉത്തർപ്രദേശിലെ കാൺപൂരിലാണ്. അലഹബാദ് ഹൈക്കോടതിയാണ് അസാധാരണ നടപടി സ്വീകരിച്ചത്.
കാൺപൂർ നഗർ അഡീഷണൽ ജില്ലാ ജഡ്ജി അമിത് വർമ്മക്കാണ് ഹൈക്കോടതിയുടെ വ്യത്യസ്തമായ ശിക്ഷ ലഭിച്ചത്. എങ്ങനെ വിധി എഴുതണമെന്ന് മൂന്ന് മാസം ജുഡീഷ്യൽ അക്കാദമിയിൽ പോയി പഠിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. ലക്നൗവിലുള്ള ജൂഡീഷ്യൽ ട്രെയിനിംഗ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ജഡ്ജിയെ അയക്കുന്നത്.
വാടക കരാർ സംബന്ധിച്ചുണ്ടായ കേസിൽ മുന്നാ ദേവി എന്ന വ്യക്തി നല്കിയ പരാതി വേണ്ടവിധം നോക്കാതെ മൂന്ന് വരി വിധിന്യായം പുറപ്പെടുവിച്ച അഡീഷണൽ ജഡ്ജി അമിത് വർമ്മയെ ഹൈക്കോടതി ജഡ്ജി നീരജ് തിവാരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എന്തുകൊണ്ട് പരാതി തള്ളിക്കളയുന്നു എന്നുപോലും എഴുതാതെ വിധി പുറപ്പെടുവിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
അഡീഷണൽ ജില്ലാ കോടതി വിധിക്കെതിരെ മുന്നാ ദേവി സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. നേരത്തെയും അമിത് വർമ്മ ഇത്തരം നിരുത്തരവാദപരമായ വിധികൾ പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി കണ്ടെത്തി. വിധിന്യായം എഴുതാൻ കഴിവോ യോഗ്യതയോ ഇല്ലാത്ത വ്യക്തി എന്നാണ് ജില്ലാ ജഡ്ജിയെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here