മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’; ആ നേട്ടവും സ്വന്തമാക്കി മമ്മൂട്ടിയുടെ ‘ടർബോ’

മമ്മൂട്ടി നായകനാവുന്ന ടർബോയുടെ ചിത്രീകരണത്തിനായി ‘പർസ്യുട്ട് ക്യാമറ’ എത്തുന്നു. മലയാള സിനിമയിൽ ആദ്യമായാണ് ‘പർസ്യുട്ട് ക്യാമറ’ ഉപയോഗിച്ച് സിനിമ ചിത്രീകരിക്കുന്നത്. മമ്മൂട്ടി ഫാൻസ് ഇൻറർനാഷണൽ പ്രസിഡൻ്റ് റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കാർ ചേസിംഗ് സീനുകളിലാണ് കൂടുതലായും ‘പർസ്യുട്ട് ക്യാമറ’ ഉപയോഗിക്കുന്നത്. 200 കിലോമീറ്റർ വേഗതയുള്ള ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ബോളിവുഡ് സിനിമകളായ ദിൽവാലെ സഹോ, സൂര്യവൻഷി, പത്താൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ പർസ്യുട്ട് ക്യാമറ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പോക്കിരിരാജ, മധുരരാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ടർബോ. അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മിഥുൻ മാനുവൽ തോമസിൻറെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. റോഷാക്ക്, കാതൽ, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന
അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഒക്ടോബർ 24നാണ് ടർബോ ചിത്രീകരണം ആരംഭിച്ചത്. 100 ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും ഷൂട്ടിംഗ് എന്ന് സംവിധായകൻ വൈശാഖ് അറിയിച്ചിരുന്നു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here