‘പുഷ്പ 2’ നഷ്ടം 40 കോടി; അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആര്‍ക്ക് തിരിച്ചടിയാകും?

അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പുഷ്പയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ ആറിലേക്ക് മാറ്റിവച്ചു. ആരാധകരെ ഈ വാര്‍ത്ത നിരാശരാക്കിയിട്ടുണ്ട്. ഇതോടെ വലിയ തിരിച്ചടിയാണ് നിര്‍മാതാക്കള്‍ക്ക് ഉണ്ടാകുന്നത്.

തെലുങ്കിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിന് 40 കോടിയാണ് പുഷ്പ 2 റിലീസ് മാറ്റിവച്ചത് വഴി നഷ്ടമായിരിക്കുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 ദിവസത്തെ ഷൂട്ടിംഗ് പോലും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. അതിനാലാണ് മറ്റ് വഴികളൊന്നുമില്ലാതെ നിര്‍മാതാക്കള്‍ റിലീസ് മാറ്റിവയ്ക്കുന്നത്.

ചിത്രത്തിന്റെ സെറ്റുകള്‍ക്കും വിവിധ ഷെഡ്യൂളുകള്‍ക്കുമായി നിര്‍മാതാക്കള്‍ ഇതിനോടകം വന്‍തുകയാണ് ചെലവഴിച്ചത്. അതുകൊണ്ട് തന്നെ റിലീസ് മാറ്റിവച്ചത് നഷ്ടത്തിന്റെ ആഘാതം കൂട്ടി. പല സഹനടന്മാരുടെയും ഡേറ്റ് ഉപയോഗമില്ലാതെ പോയി. സിനിമ പൂര്‍ത്തിയാക്കാന്‍ മൂന്ന് യൂണിറ്റുകള്‍ രാപ്പകലില്ലാതെ പ്രയത്‌നിച്ചെങ്കിലും സാധിച്ചില്ല.

സംവിധായകരിലെ താരം എന്നറിയപ്പെടുന്ന സുകുമാര്‍ ആണ് ചിത്രം ഒരുക്കുന്നത്. ഏറെക്കാലം സമയമെടുത്ത് സിനിമ ചിത്രീകരിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റെത്. പുഷ്പ 2ലും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ സെറ്റുകള്‍ പൊളിച്ചുമാറ്റാതെ നിലനിര്‍ത്താനും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനുമായി ഭീമന്‍ തുകയാണ് നിര്‍മാതാക്കളുടെ പോക്കറ്റില്‍ നിന്നും ചോര്‍ന്നുകൊണ്ടിരിക്കുന്നത്. ചിത്രീകരണം തീരാത്തതില്‍ അല്ലു അര്‍ജുനും നിരാശനാണെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 തീര്‍ത്തതിനു ശേഷമേ അല്ലുവിന് ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള അടുത്ത ചിത്രം ആരംഭിക്കാന്‍ കഴിയൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top