പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ… പുഷ്പൻ അറിഞ്ഞോ പാർട്ടിയുടെ നയംമാറ്റങ്ങൾ, പുതിയ ചങ്ങാത്തങ്ങൾ

സിപിഎം പ്രവര്‍ത്തകരെ വിപ്ലവത്തിന്റെ ആവേശത്തിലാക്കിയ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പന്‍. സ്വാശ്രയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് 1994 നവംബര്‍ 25ന് അന്നത്തെ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന എംവി രാഘവനെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ കരിങ്കൊടി കാണിച്ചപ്പോള്‍ മുൻനിരയിൽ പുഷ്പനുണ്ടായിരുന്നു. പ്രതിഷേധം അതിരുവിട്ടപ്പോള്‍ എത്തിനിന്നത് പോലീസ് വെടിവയ്പ്പില്‍. കെകെ രാജീവന്‍, കെവി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി. നട്ടെല്ലിന് പരുക്കേറ്റ് സുഷുമ്‌നനാഡി തളര്‍ന്ന് പുഷ്പന്‍ എന്നന്നേക്കുമായി കിടപ്പിലാകുമ്പോള്‍ പ്രായം 25 മാത്രമായിരുന്നു.

അന്നുതൊട്ട് സിപിഎം സംരക്ഷണയിലായിരുന്നു പുഷ്പനും കുടുംബവും. സഹോദരിമാരുടെ വിവാഹം നടത്തി, സഹോദരന്‍മാര്‍ക്ക് ജോലി നല്‍കി. ഏറ്റവും ഒടുവിൽ കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് പുഷ്പന്റെ ഒരു സഹോദരന്‍ പ്രകാശന് സര്‍ക്കാര്‍ ജോലി നല്‍കിയത്. കിടപ്പിലായ പുഷ്പന് മാത്രമായി വീട് നിര്‍മ്മിച്ചു. കൃത്യമായ ചികിത്സ ഉറപ്പാക്കി, സഖാക്കള്‍ മാറിമാറി പുഷ്പന് കൂട്ടിരിക്കുകയും ചെയ്തു. രക്തസാക്ഷികള്‍ ഏറെയുള്ള സിപിഎമ്മില്‍ ഒരു ജീവിക്കുന്ന രക്തസാക്ഷി, അത് പുഷ്പന്‍ മാത്രമായിരുന്നു.

എട്ടാംക്ലാസ് വരെ മാത്രം പഠിച്ച് ദരിദ്രമായ ചുറ്റുപാടിലായിരുന്നു പുഷ്പന്റെ ജീവിതം. കുടുംബത്തെ നോക്കാന്‍ ബെംഗളൂരുവിലെ ഒരു കടയില്‍ ജോലിക്കുകയറി. അവധിക്ക് നാട്ടില്‍വന്നപ്പോഴായിരുന്നു കൂത്തുപറമ്പിലെ ഐതിഹാസിക സമരം. ആ സമരമുഖത്ത് നിന്ന് മാറി നില്‍ക്കാന്‍ പുഷ്പനിലെ വിപ്ലവവീര്യം അനുവദിച്ചില്ല. വെടിയേറ്റ് വീണപ്പോഴും 30 വര്‍ഷത്തോളം കിടക്കയില്‍ മലര്‍ന്ന് മാത്രം കിടന്നപ്പോഴും കൈമോശം വരാതിരുന്നത് ആ വീര്യം തന്നെയായിരുന്നു.

പാര്‍ട്ടിക്കു വേണ്ടി എന്ത് ആശയത്തെ എതിര്‍ത്തോ, ആരെ എതിര്‍ത്തോ, അതെല്ലാം മാറിമറിയുന്നതും കണ്ട ശേഷമാണ് പുഷ്പന്‍ യാത്രയാകുന്നത്. സ്വാശ്രയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് സിപിഎം ഇന്ന് ചര്‍ച്ച് ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തെ കുറിച്ചാണ്. സ്വാശ്രയനയത്തെ എതിര്‍ക്കുക എന്നതിനേക്കാള്‍ അന്നത്തെ ലക്ഷ്യം, ബദല്‍രേഖയുടെ പേരില്‍ പാർട്ടിയെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന എംവി രാഘവനെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു. പ്രതിഷേധ സമരം കല്ലേറിലും വെടിവയ്പ്പിലുമെല്ലാം എത്താന്‍ കാരണവും ഈ പ്രതികാരം തന്നെയായിരുന്നു. എന്നാല്‍ കാലം മാറിയപ്പോൾ അതേ എംവി രാഘവനെ സിപിഎം ചേര്‍ത്തുപിടിച്ചു. മരിച്ചപ്പോള്‍ ആ ശരീരത്തില്‍ ചെങ്കൊടി പുതയ്ക്കാന്‍ മത്സരിച്ചു. അപ്പോഴും യാതൊരു എതിര്‍പ്പും ആരോടും പറയാതെ പുഷ്പന്‍ സിപിഎമ്മിനെ നെഞ്ചിലേറ്റി കിടന്നു. പാര്‍ട്ടിക്കാര്‍ തന്റെ ജീവിതത്തെ വിപ്ലവ പ്രവര്‍ത്തനമായി വാഴ്ത്തിപ്പാടുന്നത് കേട്ടുകേട്ട് നിശബ്ദമായി പുഷ്പന്‍ കടന്നുപോയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top