പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ, വോട്ടെടുപ്പ് ചൊവ്വാഴ്ച

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രചാരണം ഞായറാഴ്ച്ച സമാപിക്കും. വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. ഫലപ്രഖ്യാപനം ഈ മാസം എട്ടിന്. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുൾപ്പടെ ഏഴുപേരാണ് മത്സരിക്കുന്നത്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്ഥാനാർഥി. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസാണ് ഇത്തവണയും എൽഡിഎഫിന്റെ സ്ഥാനാർഥി.

ചാണ്ടി ഉമ്മൻ (യുഡിഎഫ്). ജെയ്ക് സി തോമസ്(എൽഡിഎഫ്), ലിജിൻലാൽ (ബിജെപി) എന്നിവരെക്കൂടാതെ മൂന്നു സ്വതന്ത്രരും ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയുമാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ് പോളിങ്. ഭിന്നശേഷി സൗഹൃദ ബൂത്തുകളും, ഹരിതമാർഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലാകെ 1,75,605 വോട്ടർമാരാണുള്ളത്‌. 89,897 സ്ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും. മൂന്ന്‌ ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. 80 വയസ്സിനു മുകളിലുള്ള 6376 വോട്ടർമാരും ഭിന്നശേഷിക്കാരായ 1765 വോട്ടർമാരുമുണ്ട്‌. 181 പ്രവാസി വോട്ടർമാരും 138 സർവീസ്‌ വോട്ടർമാരുമുണ്ട്. 182 പോളിങ്‌ സ്‌റ്റേഷനാണുള്ളത്‌.

എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവയാണ് പഞ്ചായത്തുകള്‍. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരണമാണ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്. ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോൾ എതിരാളി എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നേടിയത് 54,328 വോട്ടുകളാണ്. 1970ലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മത്സരിക്കുന്നത്. സി.പി.എമ്മിന്‍റെ സിറ്റിങ് എം.എല്‍.എ ആയിരുന്ന ഇ.എം. ജോര്‍ജ്ജിനെയാണ് പരാജയപ്പെടുത്തിയത്. 7288 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അന്ന് ഉമ്മന്‍ ചാണ്ടി വിജയിച്ചുകയറി. പിന്നീട് നടന്ന 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കൊപ്പം നിലകൊണ്ടു. 2016ലെ തെരഞ്ഞെടുപ്പിലും മികച്ച വിജയമാണ് ഉമ്മൻ ചാണ്ടി നേടിയത്. ജെയ്ക്ക് സി. തോമസുമായുള്ള ആദ്യ പോരാട്ടത്തിൽ 27,092 വോട്ടിന്‍റെ ഭൂരിപക്ഷം സ്വന്തമാക്കി. അന്ന് ഇടതുതരംഗത്തിലും പുതുപ്പള്ളി ഇളകിയില്ല.

മൂന്നു മുന്നണികളുടെയും പ്രധാന നേതാക്കന്മാരെല്ലാം തന്നെ പ്രചാരണരംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിലുടനീളം ഇടതുമുന്നണിയുടെ പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുപ്രാവശ്യം മണ്ഡലത്തിൽ പ്രചാരണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നാഴ്ച്ചയായി ക്യാമ്പ്ചെയ്തു പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയാണ്. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, ശശിതരൂർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ ചാണ്ടി ഉമ്മനുവേണ്ടി രംഗത്തുണ്ടായിരുന്നു. ബിജെപിക്കുവേണ്ടി കേന്ദ്രമന്ത്രിമാരടക്കം വൻ നിരയാണ് വോട്ടുതേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top