പുതുപ്പള്ളി നാളെ ബൂത്തിലേക്ക് ; ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു
പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. 53 വർഷം ഉമ്മൻ ചാണ്ടി മാത്രം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തെ ഇനിയാരു നയിക്കുമെന്നറിയാൻ കേരളം മുഴുവൻ കാത്തിരിക്കുകയാണ്. ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ലിജിൻ ലാൽ എന്നിവരുൾപ്പെടെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു. ഇന്ന് നിശബ്‍ദ പ്രചാരണമാണ്.
ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 പോളിംഗ് ബൂത്തുകളാണുള്ളത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിങ് ഓഫീസർ, 182 ഫസ്റ്റ് പോളിംഗ് ഓഫീസർ, 182 സെക്കൻഡ് പോളിംഗ് ഓഫീസർ, 182 തേഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 പേർ റിസർവ് ഡ്യൂട്ടിയിലുമുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിംഗ് സംഘത്തിലുണ്ടാവുക. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 5.30 മുതൽ പോളിംഗ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം നിരീക്ഷിക്കാൻ കഴിയും.
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.
പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി. എ.ഡി.ജി.പി., ഡി.ഐ.ജി., സോണൽ ഐ.ജി., ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും.
സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here