പോലീസിലെ കൂട്ടനടപടിയില്‍ അന്‍വര്‍ ഒതുങ്ങില്ല; എഡിജിപിയുടേയും ശശിയുടേയും പുക കണ്ടേ അടങ്ങൂ എന്ന വാശിയില്‍ നിലമ്പൂര്‍ എംഎല്‍എ

മലപ്പുറം എസ്പി അടക്കം ഉന്നത ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിയ അസാധാരണ അച്ചടക്ക നടപടിയിലും പിവി അന്‍വര്‍ എംഎല്‍എ അടങ്ങില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത്കുമാര്‍ എന്നിവരെ ലക്ഷ്യമിട്ട് പോരാട്ടം തുടുരമെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ അന്‍വറില്‍ നിന്ന് താല്‍ക്കാലികമായൊരു വെടി നിര്‍ത്തല്‍ സര്‍ക്കാരും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം തെറ്റിച്ച് അതിരൂക്ഷമായ ആരോപണങ്ങളാണ് അന്‍വര്‍ ഇന്ന് ഉന്നയിച്ചത്. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചെന്ന അന്‍വറിന്റെ ആരോപണം ശശിയെ മാത്രം ലക്ഷ്യമിട്ടുളളതാണ്.

അന്‍വര്‍ ആദ്യം മുതല്‍ പരാതി ഉന്നയിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരേയും മാറ്റിയപ്പോള്‍ ഒരു നീക്കുപോക്ക് ഉണ്ടായി എന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് ഇന്ന് വീണ്ടും ആഞ്ഞടിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കുന്നില്ലെങ്കിലും ഓഫീസിനേയും പോലീസിലെ ആര്‍എസ്എസ് വത്കരണം തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കുമ്പോള്‍ അത് പിണറായി വിജയന്റെ നേർക്ക് തന്നെയാണ് എത്തുന്നത്. പോലീസില്‍ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു സ്വാധീനവും ഇല്ലേയെന്ന ചോദ്യം അന്‍വറിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അന്‍വര്‍ ഉന്നയിച്ച തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തിനൊപ്പം തന്നെയാണ് ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. ഇതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഭരണമുന്നണിയിലെ തന്നെ എംഎല്‍എ ആരോപണം ഉന്നയിക്കുന്നതിലെ രാഷ്ട്രീയ തിരിച്ചടി കൂടി മനസിലാക്കിയാണ് മലപ്പുറം ജില്ലിയിലെ ഉദ്യോഗസ്ഥരെ മാറ്റിയത്. എന്നാല്‍ ഓരോ ദിവസവും പോലീസ് ആര്‍എസ്എസിനായി നടത്തിയ അട്ടിമറികള്‍ തുറന്നുവിടുകയാണ് അന്‍വര്‍. എന്നിട്ടും അതില്‍ ഒരു നടപടിയും ഉണ്ടാകാതെ സര്‍ക്കാരിന് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല. അത് നന്നായി അറിയാവുന്നത് അന്‍വറിനാണ്.

ഇന്ന് സിപിഎം നേതാക്കളെ തന്നെ ആര്‍എസ്എസിനായി പോലീസ് കേസില്‍പ്പെടുത്താന്‍ നോക്കിയെന്നാണ് അന്‍വര്‍ ആരോപിച്ചത്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സിപിഎമ്മിനും കഴിയില്ല. കൂടാതെ പി ശശിക്കെതിരെ പരാതി നല്‍കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി വന്നാല്‍ അന്വേഷണം എന്ന് പ്രഖ്യാപിച്ച സിപിഎം ഇതോടെ ശശിക്കെതിരേയും അന്വേഷണം നടത്തേണ്ടി വരും. മലപ്പുറത്ത് രണ്ട് ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് വലിയ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. പിന്നാലെ തന്റെ ജോലി കഴിഞ്ഞുവെന്നും ഇനി താനൊന്നും പറയില്ലെന്നായിരുന്നു അന്‍വര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മലപ്പുറത്ത് മടങ്ങിയത്തിയതോടെ ഇതില്‍ മാറ്റം വന്നു. അതീവഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഈ വിവാദങ്ങളില്‍ മാധ്യമങ്ങളെ കാണാനൊ ഒരു പ്രതികരണം നടത്താനോ മുഖ്യമന്ത്രി തയ്യാറായിട്ടുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top