അറസ്റ്റില്‍ താരമായി അന്‍വര്‍; യുഡിഎഫിലേക്ക് വഴി തെളിയുന്നു; മുൻപ് എതിർത്ത പ്രതിപക്ഷ നേതാവും പിന്തുണയുമായി രംഗത്ത്‌

സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇടതുമുന്നണി വിട്ട പിവി അന്‍വര്‍ പ്രതീക്ഷിച്ചിരുന്നത് അനായാസമായ യുഡിഎഫ് പ്രവേശനമായിരുന്നു. മുസ്ലിം ലീഗ് ആദ്യം മുതല്‍ അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുകൂലമായ നിലപാടിലായിരുന്നു. എന്നാല്‍ പ്രശ്‌നഹ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിലായിരുന്നു. നിലമ്പൂര്‍ നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്ന നേതാക്കള്‍ ഇതിനെ എതിര്‍ത്തു. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനും അന്‍വറിനോട് അത്ര താല്പ്പര്യം പ്രകടിപ്പിച്ചില്ല.

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫ് പ്രവേശനം മങ്ങി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് വിഡി സതീശന്‍ തന്നെ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചെങ്കിലും ചേലക്കരയില്‍ മത്സരവുമായി മുന്നോട്ടു പോകാന്‍ അന്‍വര്‍ തീരുമാനിച്ചു. ഇതോടെ ഇനി അന്‍വറുമായി ചര്‍ച്ചയില്ലെന്ന് സതീശന്‍ പ്രഖ്യാപിച്ചു. സിപിഎം ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ആദ്യം ശ്രമിച്ചത് തമിഴ്‌നാട്ടിലെ ഡിഎംകെയുമായി യോജിക്കാനിയിരുന്നു. എന്നാല്‍ അത് പിണറായി വിജയന്‍ വെട്ടി. ഇതോടെ ഡിഎംകെ എന്ന സംഘടന രൂപീകരിച്ചായി അന്‍വറിന്റെ പ്രവര്‍ത്തനം. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ഇന്നലെ വനംവകുപ്പ് ഓഫീസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്‍വര്‍ അറസ്റ്റിലായതോടെ സ്ഥിതിയാകെ മാറി. അന്‍വറിനെ എതിര്‍ത്തിരുന്ന നേതാക്കളെല്ലാം ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിഷയാധിഷ്ഠിത പിന്തുണ എന്ന് പറയുമ്പോഴും യുഡിഎഫിലേക്കുളള അന്‍വറിന്റെ വരവിന്റെ സൂചനയായാണ് ഈ പിന്തുണ വിലയിരുത്തപ്പെടുന്നത്.

തന്റെ അറസ്റ്റിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്ലിം വിരുദ്ധ നടപടിയെന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചത്. മുസ്ലിം വിഭാഗത്തെ പരമാവധി ഒപ്പം നിര്‍ത്താനാണ് അന്‍വര്‍ ശ്രമിക്കുന്നത്. ഇത് വിജയം കാണുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് എതിര്‍ത്ത സതീശന്‍ പോലും അന്‍വറിനെ പിന്തുണയ്ക്കുന്നതും അറസ്റ്റിനെ എതിര്‍ക്കുന്നതും. ഫലത്തില്‍ കാര്യമായ പിന്തുണയില്ലാതെ വട്ടം കറങ്ങി നടന്ന അന്‍വറിന് താരപരിവേഷമാണ് പിണറായി പോലീസ് ഒരു അറസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്.

ജനകീയ വിഷയത്തിലാണ് അന്‍വര്‍ പ്രതിഷേധിച്ചതും അറസ്റ്റിലായതും. അതുകൊണ്ട് തന്നെ ജനങ്ങള്‍ അന്‍വറിനൊപ്പം ഉണ്ടാകും എന്ന് ഉറപ്പാണ്. ആ സാഹചര്യം പരമാവധി ഉപയോഗിക്കണമെന്നാണ് ലീഗിന്റേയും നിലപാട്. ശനിയാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്‍വറിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. നേരിടാന്‍ ഇറങ്ങി എതിരാളിയെ ശക്തമാക്കുന്ന നടപടിയാണ് ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top