ശൃംഗാര ഭാവത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി; പരാതിയുമായെത്തുന്ന സ്ത്രീകളെ പി ശശി ഫോണില്‍ ശല്യം ചെയ്യുന്നുവെന്ന് അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ സിപിഎമ്മിന് നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായെത്തുന്ന സ്ത്രീകളെ ഫോണിലൂടെ ശല്യം ചെയ്യുന്നതായാണ് അന്‍വര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കുപറ്റുന്നു, സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനില നിന്ന് കോടികള്‍ കമ്മീഷന്‍ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് പുറമേയാണ് സ്ത്രീവിഷയം ആരോപിച്ചിരിക്കുന്നതും.

“മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായെത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പറുകള്‍ വാങ്ങിവയ്ക്കുകയും കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് പ്രത്യേകം അന്വേഷിക്കുകയുമാണ് പി ശശി ചെയ്യുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്യംഗാരഭാവം സഹിക്കാനാകാതെ പലരും ഫോണ്‍ എടുക്കാത്ത സ്ഥിതിയാണ്”- അന്‍വര്‍ പരാതിയില്‍ പറയുന്നത് ഇങ്ങനെ. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുന്ന സ്ത്രീകള്‍ക്കും പോലും രക്ഷയില്ലാത്ത സ്ഥിതിയെന്ന ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎല്‍എ ആയിരിക്കെ അന്‍വര്‍ ഉന്നയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട ശശിക്കെതിരെയാണ് പിവി അൻവർ സമാന ആരോപണം പുറത്തുവിട്ടത്. അന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ശശി സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. ആറു വര്‍ഷത്തിന് ശേഷമാണ് തിരികെയെടുത്തത്. സമ്മേളന പ്രതിനിധി പോലും അല്ലാതിരുന്ന ശശി സംസ്ഥാന സമിതിയിലേക്ക് പൊടുന്നനെ എത്തുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തത് എല്ലാവരെയും ഞെട്ടിച്ചതാണ്. പുറത്താക്കപ്പെടാൻ ഇടയായ പരാതി ശശിക്കെതിരെ അന്ന് നൽകിയ തളിപ്പറമ്പ് മുൻ എംഎല്‍എ സികെപി പത്മനാഭന്‍ ഈയടുത്തും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയിരുന്നു.

ഇതുകൂടാതെ സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനിലക്കാരനായി കോടികള്‍ പ്രതിഫലം പറ്റുന്നുവെന്ന ആരോപണവും ശശിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയിട്ടുണ്ട്. വലിയ കച്ചവടക്കാരുടെ തര്‍ക്കങ്ങളില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് എതിർകക്ഷിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയതായും അന്‍വര്‍ ആരോപിക്കുന്നു. കൂടാതെ സ്വര്‍ണക്കടത്തില്‍ കമ്മീഷന്‍ പറ്റുന്നു, മുഖ്യമന്ത്രിയെ കാണാനെത്തുന്ന പ്രദേശിക നേതാക്കളെ ഭീഷണിപ്പെടുത്തി ഒഴിവാക്കുന്നു, പോലീസില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു തുടങ്ങി അന്‍വര്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമാന ആരോപണം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജി ലക്ഷമണ്‍ നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. മോന്‍സന്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തു തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജിയിലായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവൃത്തിക്കുന്നുവെന്നും തർക്കങ്ങളിൽ ഇടനിലക്കാരനായി ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചിരുന്നു. വിവാദമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 13നാണ് ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഈ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം നല്‍കിയ പരാതിയില്‍ പി ശശിയുടെ കാര്യം പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ശശിക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top