സിപിഐക്കെതിരെ പേയ്‌മെന്റ് സീറ്റ് ആരോപണം മുൻപും; കുഴിച്ചുമൂടിയത് പിവി അന്‍വര്‍ ചികഞ്ഞെടുക്കുമ്പോള്‍

സീറ്റ് കച്ചവടം എന്നത് സിപിഐക്കെതിരെ നിരവധി തവണ ഉയര്‍ന്ന ആരോപണമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമെല്ലാം പാര്‍ട്ടിക്കുള്ളിലും പുറത്തും ഈ ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ട്. പണിപ്പെട്ടാണ് ഈ ആരോപണങ്ങളെ സിപിഐ തണുപ്പിച്ചത്. എന്നാല്‍ പിവി അന്‍വര്‍ വീണ്ടും ഈ സീറ്റ് കച്ചവടം ചികഞ്ഞെടുത്ത് പുറത്തിടുകയാണ്. ഏറനാട് മണ്ഡലത്തിലെ സീറ്റ് കച്ചവടത്തിന്റെ കഥകളാണ് അന്‍വര്‍ ഉന്നയിച്ചത്.

പിവി അന്‍വര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ത്തിയ വിവാദങ്ങളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തളളിപ്പറഞ്ഞിരുന്നു. കൂടാതെ അന്‍വറിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നും ഇത്തരക്കാരെ സ്വീകരിക്കുന്നവര്‍ക്കുള്ള പാഠമാണ് അന്‍വറിന്റെ പ്രവര്‍ത്തികളെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സീറ്റ് കച്ചവടം എന്ന ആരോപണം അന്‍വര്‍ ഉന്നയിച്ചത്. 2016ല്‍ തനിക്ക് നല്‍കാമെന്ന പറഞ്ഞ ഏറനാട് സീറ്റ് മുസ്ലിം ലീഗില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങി മറിച്ചുവിറ്റു എന്നാണ് അന്‍വറിന്റെ ആരോപണം.

പേയ്‌മെന്റ് സീറ്റ് ആദ്യമായല്ല അന്‍വര്‍ ഉന്നയിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ സിപിഐ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ‘എന്നാല്‍ പണം വാങ്ങിയ സ്ഥലം, കൊണ്ടുവന്ന വാഹനത്തിന്റെ നമ്പര്‍, അത് ഓടിച്ചിരുന്ന ആള്‍ തുടങ്ങി എല്ലാ വിവരങ്ങളും നല്‍കിയതോടെ സിപിഐ മിണ്ടാതിരുന്നു. 2021ലും ഇതേ സീറ്റ് 25 ലക്ഷം രൂപക്ക് വിറ്റു. നാട്ടുകാര്‍ക്ക് പോലും അറിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി. വലിയ പണം മുടക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി വിജയിക്കുന്നതിന് പകരം സിപിഐക്ക് നക്കാപ്പിച്ച നല്‍കി അനായാസം വിജയിക്കുകയാണ് ലീഗ് ചെയ്യുന്നത്’. അന്‍വര്‍ പറയുന്നു. ഒരേ സീറ്റ് രണ്ട് തിരഞ്ഞെടുപ്പില്‍ വിറ്റ സിപിഐയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അന്‍വര്‍ പരിഹസിച്ചു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ വക്കീല്‍ നോട്ടീസയക്കാന്‍ ബിനോയ് വിശ്വത്തെ അന്‍വര്‍ വെല്ലുവിളിക്കുകയും ചെയ്തു.

സിപിഐക്കെതിരെ നേരത്തേയും പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ന്നിട്ടുണ്ട്. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും 1 കോടി 84 ലക്ഷം രൂപ വാങ്ങിയാണ് ബെനറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി ചില നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ തന്നെ നാണംകെട്ട സിപിഐക്ക് പുതിയ വെല്ലുവിളിയാണ് അന്‍വര്‍ കൂടി ഉയര്‍ത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top