കള്ളക്കടത്തുകാരനാക്കി വിശ്വാസ്യത ഇല്ലെന്ന് വരുത്തി!! അൻവർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതിന് പിന്നിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ ചാവേര്‍. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവരെ മുൻപിൻ നോക്കാതെ നേരിടുന്ന പോരാളി. രണ്ടുതവണ നിലമ്പൂരിൽ നിന്ന് എംഎല്‍എയായ പിവി അന്‍വറിനെ കാലങ്ങളായി പലരും കണ്ടിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഇന്നത് മാറി. എതിരാളികള്‍ പോലും ഇതുവരെ പറയാത്തത്ര കടുത്ത ആരോപണങ്ങള്‍ പിണറായി വിജയനെതിരെ പൊതുമധ്യത്തില്‍ ഉന്നയിക്കുന്ന എന്തിനും പോന്ന എതിരാളിയായി അന്‍വര്‍ മാറി. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അന്‍വര്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളി നേരിടുക അനായാസമല്ല. വിശ്വസ്തനില്‍ നിന്ന് മാറി വില്ലന്‍ പരിവേഷത്തില്‍ അന്‍വര്‍ പിണറായിക്ക് മുന്നില്‍ അവതരിച്ചത് പെട്ടെന്നുണ്ടായ നീക്കമല്ല. അതിന് പിന്നില്‍ കൃത്യമായ പരിണാമമുണ്ട്. ഇത്രകാലം കാത്ത വിശ്വാസമൊന്നും പരിഗണിക്കാതെ, തന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്ത് ഒരു സ്വര്‍ണ്ണക്കടത്തുകാരനായി തന്നെ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തിയ നീക്കമാണ് നിലമ്പൂര്‍ എംഎല്‍എയെ ഇത്രകണ്ട് പ്രകോപിപ്പിച്ചത്. ഇതാകട്ടെ താന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ എംആര്‍ അജിത് കുമാര്‍ വകുപ്പുതല അന്വേഷണത്തില്‍ സ്വീകരിച്ച നിലപാട് തന്നെയാണെന്ന് അന്‍വര്‍ തിരിച്ചറിയുകയും ചെയ്തു.

ഘട്ടംഘട്ടമായിട്ടായിരുന്നു അന്‍വറിന്റെ നീക്കങ്ങള്‍. ആദ്യം പോലീസിനെതിരെയാണ് ആരോപണവുമായി രംഗത്തെത്തിയത്. മലപ്പുറം എസ്പിയായിരുന്ന ശശിധരനെ പൊതുവേദിയില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചായിരുന്നു തുടക്കം. രണ്ടാംഘട്ടം മലപ്പുറത്തെ മുന്‍ എസ്പി സുജിത് ദാസിനെതിരെ ആയിരുന്നു. എസ്പിയുടെ ക്യാംപ് ഓഫീസ് വളപ്പിലെ മരംമുറിച്ച് കടത്തിയെന്ന് ആരോപിച്ച് അന്‍വര്‍ പോര്‍മുഖം തുറന്നപ്പോഴേ ഫോണില്‍ വിളിച്ച് കാലുപിടിച്ച് സുജിത് ദാസ് സ്വയം കുഴിതോണ്ടി. പോലീസിലെ ഉന്നതര്‍ക്കെതിരെയും സര്‍ക്കാരിനെതിരെ തന്നെയും ഫോണില്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് അന്‍വര്‍ പുറത്തുവിട്ടതോടെ സുജിത്തിന്റെ കാര്യം തീരുമാനമായി. മൂന്നാംഘട്ടം എഡിജിപി അജിത് കുമാറിനെതിരെ ആയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സുജിത് ദാസിന്റെ നേതൃത്വത്തില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ എഡിജിപി കൂടി ഇടപെട്ട് തിരിമറി നടത്തുന്നുവെന്ന ആരോപണത്തില്‍ പക്ഷെ സര്‍ക്കാര്‍ പക്ഷത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ അന്‍വര്‍ ലക്ഷ്യമിട്ടത്.

അവിടെയിരുന്ന് പോലീസിനെ നിയന്ത്രിക്കുന്ന പി.ശശി തന്നെ സ്വാഭാവികമായും ഈ ഘട്ടത്തില്‍ അന്‍വറിന്റെ ടാര്‍ഗറ്റായി. ശശിയും എഡിജിപി അജിതും ചേര്‍ന്ന മാഫിയയാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന ആരോപണം പുറത്തുവിട്ടത് മുതല്‍ നീക്കങ്ങള്‍ മറ്റൊരു മാനം കൈവരിച്ചു. ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു, പാര്‍ട്ടിക്കാരെ പോലും മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്താന്‍ അനുവദിക്കുന്നില്ല എന്നെല്ലാം ആരോപിച്ചപ്പോഴും മുഖ്യമന്ത്രിയെ തൊടാന്‍ തയ്യാറായിരുന്നില്ല. ആകെയുണ്ടായ ഒന്ന്, പിണറായി വിജയന്‍ വീട്ടില്‍ നിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല എന്നും പാര്‍ട്ടിയാണ് മുഖ്യമന്ത്രിയാക്കിയത് എന്നും പറഞ്ഞത് മാത്രമായിരുന്നു. ശശിക്കെതിരായ പരാതി പാര്‍ട്ടി പരിശോധിക്കും എന്ന വിശ്വാസവും പ്രകടിപ്പിച്ചു.

എന്നാല്‍ എല്ലാ മാറിമറിഞ്ഞത് പി.ശശിയെ പൂര്‍ണ്ണമായും സംരക്ഷിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തോടെയാണ്. പാര്‍ട്ടി നിയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശശി, അവിടെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ആരെങ്കിലും അന്യായം പറഞ്ഞാല്‍ ചെയ്യാനല്ല ശശി ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത് തനിക്കുള്ള സന്ദേശമായി തന്നെ അൻവർ ഉൾക്കൊണ്ടു. കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന്റേയും ഹവാല ഇടപാടിന്റേയും കണക്കുകള്‍ പറഞ്ഞ മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ കണക്കുകള്‍ എടുത്തു പറഞ്ഞു. കള്ളക്കടത്തു സ്വര്‍ണ്ണം പിടിക്കുന്നവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസിൻ്റെ മനോവീര്യം തകര്‍ക്കാനുള്ള നീക്കത്തോട് യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. ഇനി കേരളത്തില്‍ സ്വര്‍ണ്ണം പിടിക്കേണ്ടെന്ന് ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട്, അത് അന്‍വറിനെ ലക്ഷ്യമിട്ടാണോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മറുപടി.

ഇതോടെയാണ് മുഖ്യമന്ത്രിയെ തന്നെ ആക്രമിച്ച് പിവി അന്‍വര്‍ രംഗത്തെത്തിയത്. കടത്തുകാരില്‍ നിന്നും സ്വര്‍ണ്ണം പോലീസ് അടിച്ചുമാറ്റിയതിന്റെ തെളിവുകള്‍ ഉണ്ടെന്നും എഡിജിപി എഴുതികൊടുക്കുന്നത് വായിക്കാതെ ജുഡീഷ്യൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോയെന്ന് പിണറായി വിജയനെ വെല്ലുവിളിച്ചാണ് എല്ലാ ബന്ധവും അൻവർ പൊട്ടിച്ചെറിഞ്ഞത്. ഇതോടെ പൂര്‍ണ്ണമായും പ്രതിരോധത്തിലായത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. ഇതിന് കൃത്യമായി ഒരു വിശദീകരണം പോലും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല. അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്, ഇപ്പോൾ വലതുപക്ഷ ശക്തികളുടെ കോടാലിക്കൈയ്യാണ് തുടങ്ങിയ കാര്യങ്ങള്‍ മാത്രം പറഞ്ഞ് നേരിടാനാണ് പാർട്ടി ശ്രമിക്കുന്നത്. ഏതായാലും ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അൻവറും ഉറപ്പിച്ച സാഹചര്യത്തിൽ ഇരുപക്ഷത്തിൻ്റെയും ഭാവിനീക്കമെന്ത് എന്നതാണ് അറിയാനുള്ളത്. അൻവർ പരസ്യപ്രസ്താവനകൾ തുടർന്നാൽ തനിക്കും ചിലതെല്ലാം വേണ്ടിവരുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് അൻവറിനെ സമ്മർദ്ദത്തിലാക്കാൻ ഉദ്ദേശിച്ചുള്ള വെറുംവാക്ക് ആയിരുന്നോയെന്ന് വൈകാതെ അറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top