അന്‍വര്‍ സിപിഎമ്മിലെ പിണറായി വിരുദ്ധരുടെ ഇരയോ? പറഞ്ഞിളക്കി പാലംവലിച്ചു; എംവിആറിന്റെ അതേ അനുഭവം
സിപിഎമ്മിന്റെ മുത്തായിരുന്ന പിവി അന്‍വര്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴാണ് നികൃഷ്ടജീവിയായി മാറിയത്. കാരണം മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനുമെതിരെ നടത്തിയ കടുത്ത ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിലെ തന്നെ ഒരു വിഭാഗമാണെന്ന വെളിപ്പെടുത്തലാണ് അന്‍വര്‍ ഏറ്റവുമൊടുവിൽ നടത്തിയത്. ഇതോടെയാണ് സിപിഎമ്മിലെ പിണറായി വിരുദ്ധ ചേരിയാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന ചര്‍ച്ച തുടങ്ങിയത്.
പാര്‍ട്ടിക്കുള്ളില്‍ പോലും ഒരു വിമര്‍ശനം പിണറായിക്കെതിരെ ഉയരാറില്ല. അത് മുഖ്യമന്ത്രിയിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും എല്ലാവര്‍ക്കും പൂര്‍ണ്ണ തൃപ്തിയുളളത് കൊണ്ടല്ല. സിപിഎമ്മില്‍ പിണറായി അത്ര സര്‍വ്വശക്തനാണ്. അതുകൊണ്ടുളള ഭയമാണ് ഈ നിശബ്ദതയ്ക്ക് പിന്നില്‍. സ്വതന്ത്രനായതിനാല്‍ പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെ ഭീഷണിയില്ലാത്ത പിവി അന്‍വറിനെ കരുവാക്കിയതും അതുകൊണ്ടാണെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്. പിണറായിയെ പിതാവിനെ പോലെ കണ്ടിരുന്ന അന്‍വര്‍ ചില സിപിഎം നേതാക്കള്‍ നല്‍കിയ ധൈര്യത്തിലാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്.
പേര് പറഞ്ഞില്ലെങ്കിലും ആരോപണം ഉന്നയിച്ച് കഴിഞ്ഞതോടെ പിന്തുണക്കുമെന്ന് പറഞ്ഞ സിപിഎം നേതാക്കളെല്ലാം വഞ്ചിച്ചു എന്നാണ് അന്‍വര്‍ പറയുന്നത്. പലവട്ടം ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നും അന്‍വര്‍ ആരോപിക്കുന്നു. സിപിഎമ്മിന്റെ രീതി അറിയാതെ അന്‍വര്‍ പെട്ടതാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇതുപോലെ തന്നെ പെട്ടുപോവുകയും പാര്‍ട്ടിക്ക് പുറത്ത് പോവുകയും ചെയ്ത ആളാണ് എംവി രാഘവന്‍. രാഘവന്റെ അതേ അനുഭവമാണ് അന്‍വറിനും ഉണ്ടായത്.
എംവി രാഘവന്റെ നേതൃത്വത്തില്‍ സിപിഎമ്മില്‍ ബദല്‍രേഖ അവതരിപ്പിക്കുമ്പോള്‍ പിന്തുണച്ച് നിരവധി നേതാക്കളുണ്ടായിരുന്നു. 1984 നവംബർ 20 മുതൽ 24 വരെ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ബദൽ രേഖ തയ്യാറാക്കിയത്. എംവിആറിനൊപ്പം ഇകെ നായനാർ, പുത്തലത്ത് നാരായണൻ, പിവി കുഞ്ഞിക്കണ്ണൻ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.
കോൺഗ്രസിനെ തോൽപിക്കാൻ മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂട്ടുപിടിക്കണമെന്ന ആശയമായിരുന്നു ബദൽ രേഖയുടെ ഉള്ളടക്കം.എന്നാല്‍ ബദല്‍രേഖ കത്തിയപ്പോള്‍ പിന്തുണച്ചവരെല്ലാം പിന്‍വലിഞ്ഞു.എംവിആര്‍ ഒറ്റക്കായി, പാര്‍ട്ടിക്ക് പുറത്തുമായി.
അതിനുശേഷം നടന്നത് ക്രൂരമായ വേട്ടയാടലായിരുന്നു. വീടിന് തീയിട്ടും പാപ്പിനിശേരിയിലെ പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിന് തീയിട്ടും സിപിഎം ആക്രമിച്ചു. പാര്‍ട്ടിയിലെ പഴയ ശിഷ്യന്‍മാര്‍ ചേര്‍ന്ന് എംവിആറിനെ നിയമസഭയ്ക്കുളളില്‍ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവിടെ അൻവർ ആയതിനാല്‍ കായികമായ ആക്രമണം ഉണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പിക്കാം എന്ന് മാത്രം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here