തീയാകേണ്ടത് സിപിഎം പ്രവര്‍ത്തകരെന്ന് പി.ജയരാജന്‍; അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ ആയുധം

സിപിഎം നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിക്ക് എതിരെ യുദ്ധപ്രഖ്യാപനവുമായി അന്‍വര്‍ രംഗത്തുവന്നതോടെ പ്രതികരണവുമായി പി.ജയരാജന്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായായി അന്‍വര്‍ സ്വയം മാറിയിരിക്കുന്നു. ഇപ്പോള്‍ തീയാകേണ്ടത് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ആണെന്നാണ് ജയരാജന്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സിപിഎമ്മിന്റെ കണ്ണൂരിലെ ശക്തനായ നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി അന്‍വറിനെ തിരുത്തിയപ്പോഴാണോ അന്‍വറിന് ബോധോദയം വന്നതെന്നും ജയരാജന്‍ ചോദിച്ചു.

പി. ജയരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:

അൻവർ എംഎൽഎ, സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തിൽ വലതുപക്ഷത്തിൻ്റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

പരിഹാസ്യമായ വാദഗതികൾ അൻവർ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പോലീസ് പിൻതുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗൺമാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ്? പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ:കെ.പി.ആർ.ഗോപാലൻ എംഎൽഎ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സിപിഎമ്മിന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം.

മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്. പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്.ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്.

പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയരക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതിപ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top