ഇന്നലെ തുടങ്ങിയതല്ല അന്‍വറിൻ്റെ ഡിഎംകെ ബന്ധം; അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ ആധിപത്യത്തിന് സ്റ്റാലിനും താൽപര്യം
പി.വി.അന്‍വറിലൂടെ കേരളത്തിലേക്ക് കടന്നുകയറാന്‍ ഡിഎംകെ. ഇന്നലെ ഡിഎംകെ നേതാക്കളെ ചെന്നൈയില്‍ അന്‍വര്‍ സന്ദര്‍ശിച്ചതോടെയാണ് ഈ കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അന്‍വറിലൂടെ കേരളത്തില്‍ വേരുപിടിപ്പിക്കാന്‍ കഴിയുമെന്നാണ് ഡിഎംകെ പ്രതീക്ഷ. ഇന്ന് അന്‍വര്‍ മഞ്ചേരിയില്‍ നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഡിഎംകെ നേതാക്കള്‍ പങ്കെടുത്തേക്കും.
കേരളത്തില്‍ ഡിഎംകെ ഉണ്ടെങ്കിലും ഒരു രാഷ്ട്രീയ ശക്തിയല്ല. കേരളത്തില്‍ സ്വാധീനമുള്ള നേതാക്കള്‍ ഇല്ലാത്തതാണ് പാര്‍ട്ടിയെ അലട്ടുന്നത്. അന്‍വറിലൂടെ ഈ പ്രശ്നത്തിന് പരിഹാരവും കേരളത്തില്‍ ഒരു എംഎല്‍എയുമാണ് ഡിഎംകെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഒരു എംഎല്‍എയെ ലഭിക്കുന്നത് വലിയ കാര്യമായാണ് പാര്‍ട്ടി കാണുന്നത്.
നിലമ്പൂരില്‍ നിന്നും രാജി വയ്ക്കേണ്ടി വന്നാല്‍ പോലും തിരഞ്ഞെടുപ്പില്‍ അന്‍വറിന് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് അന്‍വറിന് ചെവികൊടുക്കാനും ഡിഎംകെ തയ്യാറായത്. തമിഴ്നാടുമായി തൊട്ടുകിടക്കുന്ന മണ്ഡലമായതിനാല്‍ നിലമ്പൂരിലും പാര്‍ട്ടിക്ക് താത്പര്യമുണ്ട്.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളിലെ അസംതൃപ്തരെ ആകര്‍ഷിക്കാന്‍ തനിക്ക് കഴിയുമെന്നാണ് അന്‍വര്‍ ഡിഎംകെ നേതാക്കളോട് പറഞ്ഞത്. താന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ യുവാക്കളുടെ സാന്നിധ്യവും അന്‍വര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തിയായാണ് ഡിഎംകെയെ കേരളത്തിലെ ന്യൂനപക്ഷ സമൂഹം വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ സ്വാധീന ശക്തിയായി മാറാന്‍ തനിക്ക് കഴിയുമെന്നാണ് ഇന്നലത്തെ ചര്‍ച്ചയില്‍ അന്‍വര്‍ ചൂണ്ടിക്കാട്ടിയത്.
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളിലെ അസംതൃപ്തരെ അന്‍വര്‍ ലക്ഷ്യമിടുമ്പോള്‍ ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. കശ്മീര്‍-ഹരിയാന സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ തിരികെ വരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ യുഡിഎഫില്‍ നിന്നും ഒരു കൊഴിഞ്ഞുപോക്ക് പ്രയാസമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ തിരികെ വരാന്‍ കഴിയുമെന്ന പ്രതീക്ഷ യുഡിഎഫും കോണ്‍ഗ്രസും വച്ചുപുലര്‍ത്തുന്നുമുണ്ട്. ഇതെല്ലാം അന്‍വറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.
എല്‍ഡിഎഫ് അണികളില്‍ മനസുകൊണ്ട് അന്‍വറിനെ പിന്തുണയ്ക്കുന്നവലിയ വിഭാഗമുണ്ട്. ഇവരെ ഒപ്പം നിര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞേക്കും. വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പാണ് അന്‍വര്‍ മുന്നില്‍ കാണുന്നത്. ഇതില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് അന്‍വറുമായി അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി ഇതുകൂടാതെ മൂന്നാമതൊരു മുന്നണി കേരളത്തില്‍ സ്വാധീനമുണ്ടാക്കുക പ്രയാസമാണ്. ഇത്തരമൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ചാല്‍ വിജയസാധ്യതയും കുറവ്. എന്നാല്‍ ഡിഎംകെ പാശ്ചാത്തലത്തില്‍ മത്സരിക്കുകയാണെങ്കില്‍ ഈ പരിമിതി മറികടക്കാന്‍ കഴിയും.
സിപിഎമ്മില്‍ നില്‍ക്കുമ്പോള്‍ തന്നെ അന്‍വര്‍ ഡിഎംകെയുമായി അടുക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. പല ഡിഎംകെ നേതാക്കളുമായും അന്‍വര്‍ ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ബിസിനസുകള്‍ കോയമ്പത്തൂരില്‍ കേന്ദ്രീകരിക്കാനാണ് അന്‍വര്‍ കുറച്ചുകാലമായി ശ്രമിക്കുന്നത്. സിപിഎമ്മുമായി അകന്നപ്പോള്‍ ഡിഎംകെയുമായി പെട്ടെന്ന് ബന്ധപ്പെടാന്‍ അന്‍വറിന് കഴിഞ്ഞതും മുന്‍പേ തുടര്‍ന്നിരുന്ന ഈ സമീപനം കാരണമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here