അന്‍വറിന്റെ ഡിഎംകെ തൃണമൂല്‍ ആകും; ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച
ഡിഎംകെയില്‍ ചേരാനുള്ള പദ്ധതി പരാജയമായതോടെ പി.വി.അന്‍വര്‍ തൃണമൂലിലേക്ക് ചേക്കേറുന്നു. ഡല്‍ഹിയിലുള്ള അന്‍വര്‍ തൃണമൂല്‍ കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ചയിലാണ്. അടുത്ത ആഴ്ച പ്രഖ്യാപനം വരും എന്നാണ് സൂചന.
ഇന്ന് രാവിലെ മുസ്ലിം ലീഗ് നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. അന്‍വര്‍ ലീഗിലേക്കോ എന്ന സംശയം ഉയര്‍ന്നിരുന്നു. അതിനുശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്ന വിവരം വെളിയില്‍ വന്നത്.
സിപിഎമ്മുമായി ഇടഞ്ഞതോടെ ആദ്യം സ്വതന്ത്രനായി നില്‍ക്കും എന്ന് പ്രഖ്യാപിച്ച അന്‍വര്‍ പിന്നീട് ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് രൂപം നല്‍കിയിരുന്നു. ഡിഎംകെയെ തൃണമൂലില്‍ ലയിപ്പിക്കാനാണ് അന്‍വര്‍ പരിപാടി ഇടുന്നത്.
തൃണമൂല്‍ ചര്‍ച്ചയും വിജയിക്കുമോ എന്ന് കണ്ടറിയണം. ഡിഎംകെയുമായി അന്‍വര്‍ ചര്‍ച്ച നടത്തിയപ്പോള്‍ സിപിഎം നേതൃത്വം ഇടപെട്ട് ആ നീക്കം പൊളിച്ചിരുന്നു. ഡിഎംകെയുമായി തുടരുന്ന ഉറ്റബന്ധമാണ് സിപിഎമ്മിന് സഹായകരമായത്. അപ്രതീക്ഷിതമായി അന്‍വറിന് ലഭിച്ച രാഷ്ട്രീയ തിരിച്ചടിയായിരുന്നു ഇത്. അതിനുശേഷം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന എന്‍.കെ.സുധീറിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഡിഎംകെ തൃണമൂലില്‍ ലയിച്ചാലും എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയിലേക്ക് മാറാന്‍ കഴിയില്ല. അയോഗ്യതാ ഭീഷണി വരും. സ്വതന്ത്രനായി ജയിച്ചാല്‍ ആ ടേം സ്വതന്ത്രനായി തന്നെ തുടരണം. അന്‍വറിന്റെ ശ്രമം വിജയിച്ചാല്‍ പാര്‍ട്ടിയില്‍ അംഗമാകാതെ തന്നെ തൃണമൂല്‍ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയെ കേരളത്തില്‍ മുന്നോട്ട് നയിക്കാന്‍ അന്‍വറിന് കഴിഞ്ഞേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here