ഡിഎംകെയെ മമതയുടെ പാര്‍ട്ടിയില്‍ ലയിപ്പിക്കും; നിലമ്പൂര്‍ മാത്രമല്ല ലക്ഷ്യം; യുഡിഎഫിനെ കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ കുരുക്കാന്‍ പിവി അന്‍വറിന്റെ നീക്കങ്ങള്‍

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിച്ച പിവി അന്‍വര്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ നായക കസേര. ദേശീയ തലത്തില്‍ മമത ബാനര്‍ജിയുടെ പോരാട്ടങ്ങളുടെ നിഴലില്‍ നിന്ന് കേരളത്തില്‍ വലിയ നീക്കങ്ങള്‍ നടത്താനാണ് നിലമ്പൂര്‍ എംഎല്‍എയുടെ നീക്കം. ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ ജയില്‍വാസത്തിലൂടെ യുഡിഎഫിലടക്കം ലഭിച്ച സ്വാധീനം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലേബലിലാക്കി നിലമ്പൂര്‍ സീറ്റിനും പുറത്തേക്ക് ധാരണ ഉയര്‍ത്താനാണ് അന്‍വറിന്റെ ശ്രമം.

ഇടത് എംഎല്‍എയായതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക അംഗത്വമോ ഭാരവാഹിത്വമോ അന്‍വര്‍ സ്വീകരിക്കില്ല. പകരം സംസ്ഥാന കോഡിനേറ്റര്‍ പദവിയിലിരുന്ന് സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തിയ ശേഷം യുഡിഎഫ് പ്രവേശനമാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. ചേലക്കരയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്റെ പേരില്‍ അനിശ്ചിതാവസ്ഥയിലായ യുഡിഎഫ് സഹകരണം ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്. ഇപ്പോള്‍ യുഡിഎഫുമായി ധാരണയുണ്ടായാല്‍ എല്‍ഡിഎഫില്‍ നിന്നതുപോലെ സ്വതന്ത്ര എംഎല്‍എയായി നില്‍ക്കേണ്ടി വരും. അത് ഇനിയും തിരിച്ചടിയാകും എന്നാണ് അന്‍വറിന്റെ കണക്ക് കൂട്ടല്‍.

എല്‍ഡിഎഫ് വിട്ട് പുറത്തിറങ്ങിയപ്പോള്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന ഡിഎംകെ രൂപീകരിച്ചപ്പോള്‍ സിപിഎം വിരുദ്ധരും കോണ്‍ഗ്രസിലെ അസംതൃപ്തരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സംഘടനാ സ്വഭാവമില്ലാതെ യുഡിഎഫില്‍ എത്തിയാല്‍ ഈ നീക്കം പൊളിയും. അത് മനസിലാക്കി തന്നെയാണ അന്‍വര്‍ തൃണമൂലുമായുളള ബന്ധം ഉറപ്പിച്ചത്. യുഡിഎഫില്‍ ഘടകകക്ഷിയായി കയറിയാല്‍ നിലമ്പൂരിന് പുറത്ത് ഒരു സീറ്റും മന്ത്രി സ്ഥാനവുമെല്ലാം അന്‍വര്‍ ലക്ഷ്യമിടുന്നുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കും. ഭാരാഹികളെയെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പിവി അന്‍വര്‍ ഔദ്യോഗിക നേതൃത്വത്തില്‍ എത്തുന്നത് നിയമോപദേശം തേടിയ ശേഷമാകുമെന്ന് ഡിഎംകെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് വ്യക്തമാക്കി. കമ്യൂണിസ്റ്റ്- ഫസിസ്റ്റ് വിരുദ്ധ ശക്തിയായി മാറുകയാണ് ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ നേതൃത്വത്തില്‍ ശക്തിപ്രാപിക്കും എന്ന് ഉറപ്പാണ്. രാഷ്ട്രീയ പാര്‍ട്ടിയായി മുന്നണിയില്‍ എത്തിയാല്‍ മാത്രമേ സ്വീകാര്യത കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ തൃണമൂലിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമം തുടരുമെന്നും മനോജ് വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നാളെ കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തുന്ന പിവി അന്‍വറിന് സ്വീകരണം ഒരുക്കാനുള്ള തീരുമാനത്തിലാണ് ഡിഎംകെ. വൈകിട്ട് മൂന്ന് മണിക്കു പി.വി.അന്‍വര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്ന സ്വീകരണ പരിപാടി ഡിഎംകെയുടെ ശക്തിപ്രകടനമായി മാറ്റുള്ള ശ്രമത്തിലാണെന്നും മനോജ് പറഞ്ഞു.

അന്‍വറിനെ സ്വീകരിക്കുന്നതില്‍ പകുതി മനസുമായി നിന്ന യുഡിഎഫിന് മുന്നില്‍ പുതിയ രാഷ്ട്രീയ നീക്കം മുന്നോട്ടു വയ്ക്കുകയാണ് അന്‍വര്‍. ജനകീയ വിഷയത്തിലെ പ്രതിഷേധവും അറസ്റ്റും ജയില്‍വാസവുമെല്ലാം അന്‍വറിനെ അവഗണിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കേന്ദ്രമായി മാറ്റിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പിന്തുണ കൂടിയുള്ളതോടെ അന്‍വറിനെ കസേര ഇട്ട് ഇരുത്തേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ തൃണമൂല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി വരുന്ന അന്‍വറിനെ എങ്ങനെ സ്വീകരിക്കണം എന്നതില്‍ യുഡിഎഫിലും ആശയകുഴപ്പമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top