പി വി അന്‍വറിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍; സാവകാശം അനുവദിക്കില്ലെന്ന് ഹെെക്കോടതി
കൊച്ചി: പി വി അൻവർ എം എൽ എയും കുടുബവും സ്വന്തമാക്കിയ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകി. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റർ കെ വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് നടപടി.
ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് നൽകാൻ കുറഞ്ഞത് പത്ത് ദിവസമെങ്കിലും സാവകാശം വേണമെന്ന് സർക്കാർ വീണ്ടും ആവശ്യപ്പെട്ടെങ്കിലും, ആവശ്യം തള്ളിയ ജസ്റ്റിസ് രാജ വിജയരാഘവൻ അടിയന്തര നടപടിക്ക് സർക്കാറിന് നിർദ്ദേശം നൽകുകയായിരുന്നു.
2017 ജൂലൈയിലാണ് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പായില്ല. ഇതോടെ കെ വി ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസില്‍ ആറു മാസത്തിനകം ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20ന് ആദ്യ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യഹര്‍ജിയുമായി കെ വി ഷാജി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഉത്തരവും പാലിക്കപ്പെട്ടില്ല. തുടർന്ന് 2022 ജനുവരിയിൽ അഞ്ചുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞും നടപടിയൊന്നുമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി കർശന നിലപാടിലേക്ക് നീങ്ങിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ പിന്നീട് ഇത് സാങ്കേതിക പിഴവാണെന്ന് കാണിച്ച് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിന്റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here