പിവി അന്‍വര്‍ ലീഗിലും പുകയുന്നു; നേതൃത്വത്തിനെതിരെ അണികള്‍; സമുദായ സംഘടനകളും അന്‍വറിനൊപ്പം; യുഡിഎഫില്‍ എടുക്കണമെന്ന വികാരം ശക്തം
പിവി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സിപിഎമ്മിന് പിന്നാലെ മുസ്ലിം ലീഗിലും പ്രകമ്പനങ്ങളുണ്ടാക്കുന്നു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പിണറായിയുടെ പോലീസ് നടത്തിയ തേര്‍വാഴ്ചയാണ് അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളുടെ കാതല്‍. ജില്ലയിലെ മഹാഭൂരിപക്ഷം ജനപ്രതിനിധികള്‍ ലീഗുകാരായിട്ടും ഒരു ഭരണപക്ഷ എംഎല്‍എ വേണ്ടിവന്നു ഈ വിഷയം പൊതുവിടത്തില്‍ കൊണ്ടുവരാന്‍ എന്ന വിമര്‍ശനമാണ് ഉയരുന്നത്. രാഷ്ട്രീയ പ്രസ്ഥാനമായ ലീഗ് ഇപ്പോള്‍ പിരിവുകളിലും സര്‍ക്കാര്‍ മുന്‍കയ്യില്‍ നടത്തേണ്ട സാമൂഹിക സുരക്ഷാ പദ്ധതികളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. രാഷ്ട്രീയം പറയുവാന്‍ പോലും ലീഗ് നേതൃത്വം മടിക്കുകയാണ്. മുമ്പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്ന ഈ ആക്ഷേപം ഇപ്പോള്‍ ലീഗ് അണികളും പങ്കുവെക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നം മുന്‍നിര്‍ത്തി ലീഗ് അണികള്‍ നേതൃത്വത്തെ പൊരിക്കുകയാണ്. സിപിഎം നേതൃത്വവുമായും പിണറായി വിജയനുമായും ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടെന്ന് പ്രചരിക്കപ്പെടുന്ന അപ്രഖ്യാപിത സഖ്യത്തെ മുന്‍നിര്‍ത്തിയാണ് എല്ലാ ചര്‍ച്ചകളും നീങ്ങുന്നത്. മലപ്പുറം ജില്ലയില്‍ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ നടന്ന കിരാത പോലീസിംഗിനെതിരെ എംഎസ്എഫ് തുടങ്ങിയ സമരത്തെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഇതിനെതിരെ കാര്യമായ പ്രതിഷേധത്തിനോ തുടര്‍ സമരങ്ങള്‍ക്കോ ലീഗ് താല്‍പര്യപ്പെട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയാണ് ഇതിന് കാരണക്കാരന്‍ എന്നുമാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ വാദം.
ഒരു വര്‍ഷം 20,000ല്‍പരം കേസുകള്‍ മലപ്പുറത്ത് അന്യായമായി വര്‍ധിച്ചിട്ടും അത് പരിശോധിക്കാന്‍ ലീഗ് മെനക്കെട്ടില്ല. നിയമസഭാ കക്ഷിനേതാവായ കുഞ്ഞാലിക്കുട്ടിയും എംഎല്‍എമാരും ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ പോലും തയ്യാറായില്ല എന്ന വാദം മുസ്ലിം സമുദായ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞു. ഇത് മനസിലാക്കി കെ.എം.ഷാജി, ഡോ.മുനീര്‍ എന്നിവരെ മുന്‍നിര്‍ത്തി നേതൃത്വത്തിനെതിരെ തിരിയാന്‍ സാധ്യത തേടുകയാണ് ഒരുവിഭാഗം. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമാണ് വിമതരുടെ ഉന്നം. സലാമിനെ മാറ്റി ഷാജിയെ ജനറല്‍ സെക്രട്ടറിയാക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്നും അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളും അന്‍വറിനെത്തന്നെയും രാഷ്ട്രീയമായി ഒപ്പം നിര്‍ത്തണമെന്നും ഉള്ള അഭിപ്രായം ലീഗില്‍ ശക്തമാകുകയാണ്. ആദ്യഘട്ടത്തില്‍ അന്‍വറിനെ പൂര്‍ണമായും കയ്യൊഴിഞ്ഞ കുഞ്ഞാലിക്കുട്ടി ഇന്നലെ നിലപാട് മാറ്റി രംഗപ്രവേശം ചെയ്തത് പാര്‍ട്ടിയിലെയും മുന്നണിയിലെയും സമുദായ നേതൃത്വത്തിലെയും ഇത്തരം ചര്‍ച്ചകള്‍ തിരിച്ചറിഞ്ഞത് കൊണ്ട് കൂടിയാണ്.
കേരളത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് ആണെന്നും അതിനാല്‍ യുഡിഎഫ് തനിക്ക് രാഷ്ട്രീയ അഭയം നല്‍കില്ലെന്നും പിവി അന്‍വര്‍ ഒരുമുഴം നീട്ടിയെറിഞ്ഞത് ഇപ്പോള്‍ അദ്ദേഹത്തിന് ഗുണമായി വരികയാണ്. രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പവും വ്യക്തിബന്ധവും ഉള്ളയാളാണ് പിവി അന്‍വര്‍. കെപിസിസി അധ്യക്ഷനും അന്‍വറിന് സ്വീകാര്യനാണ്. അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്നും അത് മലബാറില്‍ കോണ്‍ഗ്രസിന് ഗുണമാണെന്നുമുള്ള അഭിപ്രായം ഇരുവര്‍ക്കുമുണ്ട്. എന്നാല്‍ അന്‍വറിലൂടെ മലപ്പുറത്തും മലബാറിലാകെയും തങ്ങളേക്കാള്‍ സ്വീകാര്യത കോണ്‍ഗ്രസിന് ലഭിക്കുമോയെന്ന ആശങ്ക ലീഗിന്റെ നേതൃത്വത്തിലാകെയുണ്ട്; പ്രത്യേകിച്ച് എല്ലാ മുസ്ലിം സമുദായ സംഘടനകളും അന്‍വറിനോട് താല്‍പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍.
ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 4ന് ചേരുന്ന യുഡിഎഫ് യോഗം നിര്‍ണായകമാവും. അന്‍വര്‍ രാഷ്ട്രീയമായ പിന്തുണ ആവശ്യപ്പെട്ടാല്‍ അത് നല്‍കാന്‍ സന്നദ്ധത കാട്ടണമെന്ന കോണ്‍ഗ്രസ് നിലപാടിന് യോഗത്തില്‍ പച്ചക്കൊടി കിട്ടാനാണ് സാധ്യത. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണ ലഭിച്ചുവെന്ന വിലയിരുത്തലില്‍ സമുദായ നേതൃത്വങ്ങളുടെ പിന്തുണയോടെ അന്‍വര്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുവരുമോയെന്ന ഭീതി യുഡിഎഫിന്, പ്രത്യേകിച്ച് ലീഗിനുണ്ട്. തലമുറമാറ്റത്തിലൂടെ അല്ലാതെ ഗിമ്മിക്കുകളിലൂടെ അത്തരമൊരു അവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തരണം ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയില്ല എന്നാണ് ലീഗിലെ വലിയ വിഭാഗത്തിന്റെ ചിന്ത. വരുംദിവസങ്ങളില്‍ യുഡിഎഫിന്റെയും ലീഗിന്റെയും രാഷ്ട്രീയത്തെ പിവി അന്‍വര്‍ നിര്‍ണായകമായി തന്നെ സ്വാധീനിക്കുമെന്നാണ് ഈ സംഭവപരമ്പരകള്‍ സൂചിപ്പിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here